കപ്പലെത്തിയാൽ ഉദ്ഘാടനം
ഒരേസമയം രണ്ട് കപ്പലുകൾ അടുപ്പിക്കാം
പാസഞ്ചർ ടെർമിനൽ നീളം: 101.56 മീറ്രർ
നിർമ്മാണ ചെലവ്: 19.36 കോടി
നിർമ്മാണം തുടങ്ങിയത്: 2015
കൊല്ലം: കൊല്ലം പോർട്ടിൽ യാത്രാ കപ്പലുകൾ അടുപ്പിക്കാനുള്ള പാസഞ്ചർ ടെർമിനലിന്റെ നിമ്മാണം പൂർത്തിയായി. 101.56 മീറ്റർ നീളമുള്ള ടെർമിനൽ 19.36 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. ചരക്ക് കപ്പലെങ്കിലും ഉടൻ എത്തിച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് തുറമുഖ വകുപ്പ് അധികൃതർ.
കടലിൽ 60 പൈലുകൾ സ്ഥാപിച്ചാണ് ടെർമിനൽ നിർമ്മിച്ചത്. 2015 പകുതിയോടെയാണ് നിർമ്മാണം ആരംഭിച്ചത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. കൊല്ലം പോർട്ടിലേക്ക് ലക്ഷദ്വീപിൽ നിന്നും യാത്രാ കപ്പലുകൾ എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാത്തതിനാൽ ചർച്ചകളെല്ലാം വഴിമുട്ടി നിൽക്കുകയാണ്. തൽക്കാലം യാത്രാകപ്പലുകൾ എത്തിയില്ലെങ്കിലും ചരക്ക് കപ്പലുകൾക്ക് പുതിയ ടെർമിനൽ ഉപയോഗിക്കാം. പുതിയ ടെർമിനൽ പൂർത്തിയായതോടെ ഒരേ സമയം രണ്ട് കപ്പലുകൾ കൊല്ലം പോർട്ടിൽ അടുപ്പിക്കാം. കൊല്ലം പോർട്ടിലെ കണ്ടെയ്നർ ടെർമിനലിന് 185 മീറ്റർ നീളമുണ്ട്. പാസഞ്ചർ ടെർമിനലിന്റെ നീളം 50 മീറ്റർ കൂടി വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതാ പഠനവും നടക്കുന്നുണ്ട്.
ടെർമിനലുകൾ ഒരേ നിരപ്പിലല്ല
പോർട്ടിൽ ആദ്യം നിർമ്മിച്ച കണ്ടെയ്നർ ടെർമിനലിനെക്കാൾ അഞ്ച് മീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുകയാണ് പുതുതായി നിർമ്മിച്ച പാസഞ്ചർ ടെർമിനൽ. അതുകൊണ്ട് തന്നെ വലിയ കപ്പലുകൾ എത്തുമ്പോൾ പാസഞ്ചർ ടെർമിനൽ പ്രയോജനപ്പെടില്ലെന്ന് ആരോപണമുണ്ട്. 70 മുതൽ 350 മീറ്റർ വരെ നീളമുള്ള കപ്പലുകളുണ്ട്. കപ്പലുകൾ അടുപ്പിക്കാനുള്ള ആഴമില്ലാത്തത് കൊണ്ടാണ് കടലിലേക്ക് ഇറക്കി നിർമ്മിച്ചതെന്നാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ വിശദീകരണം. മണലും കടൽഭിത്തിയും നീക്കി ആഴംകൂട്ടാനുള്ള സാദ്ധ്യത പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്.
ഈമാസം അവസാനവാരം ചരക്ക് കപ്പൽ
ഏറെക്കാലമായി ചർച്ചയിലുള്ള ഗുജറാത്തിൽ നിന്നും കൊല്ലത്തേക്കുള്ള സ്ഥിരം ചരക്ക് കപ്പൽ സർവ്വീസ് ഈമാസം അവസാന വാരത്തോടെ ആരംഭിച്ചേക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച താൽക്കാലിക എമിഗ്രേഷൻ സൗകര്യം ഉപയോഗിച്ചാകും കപ്പൽ എത്തിക്കുക.