പുനലൂർ:കുളത്തൂപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദർശനവും കഴിഞ്ഞു ശബരിമലയിലേക്ക് പോയ തൂത്തുക്കുടിയിൽ നിന്നുള്ള 18 അംഗ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു ബസ് ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു.ഡ്രൈവർ തൂത്തുക്കുടി സ്വദേശി കാർത്തിക് (24), തീർത്ഥാടകനായ മാരിമുത്തു(38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയോടെ മലയോര ഹൈവേയുടെ പണികൾ നടക്കുന്ന കരവാളൂർ മാംമൂട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. നിർമ്മാണ ജോലികൾ നടക്കുന്ന സ്ഥലത്ത് മതിയ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.മറിഞ്ഞ ബസ് തീർത്ഥാടകർ തന്നെ ഉയർത്തിയശേഷം യാത്ര തുടർന്നു.