വടക്കേവിള എസ്.എൻ പബ്ലിക് സ്കൂളിൽ എൻട്രൻസ് കോച്ചിംഗ് സെന്റർ
വടക്കേവിളയിൽ വൃദ്ധസദനം
കൊല്ലം: വടക്കേവിള ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് 41 കോടി രൂപയുടെ ബഡ്ജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി.
വടക്കേവിള എസ്.എൻ പബ്ലിക് സ്കൂളിൽ എൻട്രൻസ് കോച്ചിംഗ് സെന്റർ, വടക്കേവിളയിലുള്ള സൊസൈറ്രിയുടെ ഭൂമിയിൽ വൃദ്ധസദനം എന്നിവയാണ് ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ. സൊസൈറ്റിയുടെ കീഴിലുള്ള ചാത്തന്നൂർ ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചാത്തന്നൂർ ശ്രീനാരായണ പബ്ലിക് സ്കൂൾ, കിഴവൂർ ഇന്ത്യൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന സൊസൈറ്റിയുടെ 32-ാം വാർഷിക പൊതുയോഗത്തിൽ ട്രഷറർ പ്രൊഫ.ജി.സുരേഷാണ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചത്.
പ്രസിഡന്റ്.എം.എൽ.അനിധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ 150-ൽപരം അംഗങ്ങൾ പങ്കെടുത്തു. സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ചർച്ചയ്ക്കുശേഷം റിപ്പോർട്ടും കണക്കും ഐക്യകണ്ഠേന പാസാക്കി.
ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെയും ശ്രീനാരായണ സാംസ്കാരിക സമിതിയുടെയും പുത്തൂർ ശ്രീനാരായണ അയുർവേദ കോളേജിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകൻ പരേതനായ അഡ്വ. എൻ. സുധാകരന്റെ ഛായാചിത്രം സൊസൈറ്റി പ്രസിഡന്റ് എം.എൽ അനിധരൻ അനാച്ഛാദനം ചെയ്തു. 80 വയസ് പൂർത്തിയായ സൊസൈറ്റി അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ഗിരിലാൽ നന്ദിയും പറഞ്ഞു.