എഴുകോൺ: നാലുമാസം ഉപയോഗിച്ച 62 യൂണിറ്റ് വെള്ളത്തിന് വാട്ടർ അതോറിട്ടി നൽകിയത് 65018 രൂപയുടെ ബില്ല്. കാരുവേലിൽ പരിശുദ്ധി വീട്ടിൽ വി.സത്യശീലനാണ് കുണ്ടറ വാട്ടർ അതോറിറ്റിയുടെ ഇരുട്ടടി കിട്ടിയത്. കഴിഞ്ഞ ആഗസ്റ്റ് 10ന് റീഡിംഗ് എടുത്തപ്പോൾ 972 യൂണിറ്റാണ് മീറ്ററിൽ രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ ബിൽ പ്രകാരം 360 രൂപ അധികം നൽകിയിരുന്നതിനാൽ തുക അടയ്ക്കേണ്ടി വന്നില്ല. തുടർന്ന് ഇൗ മാസം മീറ്റർ റീഡിംഗ് 1034 യൂണിറ്റ് എന്ന് എഴുതി നൽകിയ ബില്ലാണ് സത്യശീലനെ ഞെട്ടിച്ചത്. 62 യൂണിറ്റിന് 65018 രൂപ. ബില്ലുമായി കുണ്ടറ വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ എത്തിയ സത്യശീലനോട് 28938രൂപ ഉടൻ അടയ്ക്കണമെന്നും ബാക്കി 36080 രൂപ ഘട്ടംഘട്ടമായി അടയ്ക്കണമെന്നും അധികൃതർ പറഞ്ഞു. ഫെബ്രുവരി 14ന് മുൻപ് തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തതായി സത്യശീലൻ പറയുന്നു. എന്നാൽ, തുക അടയ്ക്കേണ്ടി വരില്ലെന്നും സങ്കേതിക തകരാർ സംഭവിച്ചതാണെന്നും അധികൃതർ പറഞ്ഞു.