കരുനാഗപ്പള്ളി : ബഹുസ്വരതയുടെ നാടായ ഭാരതം വർഗീയതയുടെ ഭയാനകമായ അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ കണ്ണുകൾ തുറന്നിരിക്കാനും ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റാനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കഴിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.എൻ. പണിക്കർ നഗറിൽ (ബോയ്സ് ഹൈസ്കൂൾ അങ്കണം ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും ആർ.പി. ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന വിജയാരവം എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. എം. മുകേഷ് എം.എൽ.എ പ്രതിഭകളെ ആദരിച്ചു. അഡ്വ. കെ. സോമപ്രസാദ് എം.പി എൻഡോവ്മെന്റ് വിതരണം ചെയ്തു. എ പ്ലസ് നേടിയ ഗ്രന്ഥശാലകളെ എൻ. വിജയൻപിള്ള എം.എൽ.എയും മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തനും, സംസ്ഥാന പുരസ്കാരം നേടിയ ഗ്രന്ഥശാലകളെ ആർ. രാമചന്ദ്രൻ എം.എൽ.എയും ആദരിച്ചു. വായനാ മത്സര വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി. സുകേശൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. നാസർ, ആർ.കെ. ദീപ, പ്ലാവേലി എസ്. രാമകൃഷ്ണപിള്ള, ആർ. രവീന്ദ്രൻ പിള്ള, അഡ്വ. പി.ബി. ശിവൻ, ഡോ. അനൂപ് കൃഷ്ണൻ, അനിതാ മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.