ഓടനാവട്ടം: മുട്ടറ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും ഭൂമിത്രസേന ക്ളബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിതം മുട്ടറ ശ്രദ്ധേയമാകുന്നു. വിദ്യാർത്ഥികളോ മുട്ടറ വാർഡിലെ ജനങ്ങളോ വൃത്തിയാക്കിയ പ്ലാസ്റ്റികുകളുമായി സ്കൂളിലെത്തിയാൽ പകരം തൂക്കമനുസരിച്ച് തുണിസഞ്ചി, നോട്ടുബുക്കുകൾ, പേപ്പർ പേന എന്നിവ നൽകുന്ന പദ്ധതിയാണ് ഹരിതം മുട്ടറ.
സ്കൂളിലെ പ്രിന്റിംഗ് ടെക്നോളജി ലാബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. സ്കൂളിൽ ശേഖരിക്കുന്ന പ്ലാസ്റ്റികുകൾ, മാലിന്യപ്ലാന്റിൽ നശിപ്പിക്കുകയോ പഞ്ചായത്ത് അധികൃതരെ ഏൽപിക്കുകയോ ചെയ്യും. ജനുവരി 25 വരെ ഈ സംവിധാനം സ്കൂളിൽ തുടരും. സ്കൂൾ സ്ഥിതി ചെയ്യുന്ന മുട്ടറ വാർഡിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ കൂടിയാണ് പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് പി.ടി.എ പ്രസിഡന്റ് ആർ. ഗോപൻ അറിയിച്ചു. പ്രോഗ്രാം ഓഫീസർ റോജി പി. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി.ടി.എ പ്രസിഡന്റ് ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു.. പ്രിൻസിപ്പൽ രശ്മി നായർ, ഹെഡ്മിസ്ട്രസ് കെ.ഐ. സൂസമ്മ, അദ്ധ്യാപകരായ പ്രകാശ്, ശ്രീലത, രജനി, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.