പത്തനാപുരം: രാജ്യത്തെ അനാഥാലയങ്ങളിലെ പ്രമുഖ സാക്ഷരതാ പഠന കേന്ദ്രമായ ഗാന്ധിഭവനിൽ ആദ്യ സാക്ഷരതാ മികവുത്സവം നടന്നു. സംസ്ഥാന സാക്ഷരതാ മിഷൻ സംഘടിപ്പിച്ച മികവുത്സവത്തിൽ വിവിധ പ്രായങ്ങളിലുള്ള 29 അന്തേവാസികൾ പങ്കെടുത്തു. മൂന്നു മണിക്കൂർ ആയിരുന്നൂ ഉത്തരമെഴുതാനുള്ള സമയം. പങ്കെടുത്ത എല്ലാവരും വിജയിച്ചു. പത്ത് വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ നടത്തുന്ന മികവുത്സവം പരിപാടി പഠനത്തെ പോലെ പരീക്ഷയെയും ഏറ്റവും ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നതാണ്. പേര്, വീട്ടുപേര്, ജനനസ്ഥലം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തലായിരുന്നു പ്രപഞ്ച വിലാസം എന്ന ആദ്യ ചോദ്യം. കൂട്ടിയോജിപ്പിക്കാം, അടിവരയിടാം, കേരളം, വായിക്കാം, പാട്ട് പാടാം, ശരിയേതെന്ന് കണ്ടെത്താം, ഇന്ത്യയുടെ ഭൂപടത്തിൽ കേരളം അടയാളപ്പെടുത്തുക, കേരളത്തിന്റെ ഭൂപടത്തിൽ സ്വന്തം ജില്ല അടയാളപ്പെടുത്തുക തുടങ്ങിയ ചോദ്യാവലികൾക്ക് മത്സരബുദ്ധിയോടെ ഉത്തരമെഴുതിയാണ് 29 പേരും വിജയിച്ചത്. 30 പേരായിരുന്നു ഇവിടെ മികവുത്സവത്തിനു തയ്യാറെടുത്തിരുന്നത്. ഇതിൽ 106 വയസുകാരി കുഞ്ഞമ്മ തേവൻ ജനുവരി രണ്ടിന് നിര്യാതയായിരുന്നു. കുഞ്ഞമ്മ തേവന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് മികവുത്സവം തുടങ്ങിയത്. എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം പ്രൊഫ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ല കോ ഓർഡിനേറ്റർ സി.കെ. പ്രദീപ്കുമാർ, പുനലൂർ തുല്യതാ പഠന കേന്ദ്രം കോ ഓർഡിനേറ്റർ വി. സുരേഷ് കുമാർ, മാദ്ധ്യമ പ്രവർത്തകൻ അൻവർ എം. സാദത്ത് എന്നിവർ പ്രസംഗിച്ചു. വിജയികളായവർക്ക് തുടർ പഠനത്തിന് സാക്ഷരത മിഷൻ അവസരമൊരുക്കും.