എഴുകോൺ: കടയ്ക്കോട് ലക്ഷ്മി സ്റ്റോർ ഉടമ ചൂഴതിൽ സുരേന്ദ്രന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കോട് യൂണിറ്റും, കടയ്ക്കോട് പൗരസമിതിയും പ്രതിഷേധിച്ചു. കടയ്ക്കോട് മാർക്കറ്റ് ജംഗ്ഷനിൽ ടി. ഓമനക്കുട്ടൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രനെ വധിക്കുന്നതിന് ക്വട്ടേഷൻ നൽകിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആർ. സജികുമാർ, അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, കെ. അജയകുമാർ, എസ്. പ്രദീപ് കുമാർ, കെ. രാധാകൃഷ്ണൻ, ജി. ഗോപിനാഥൻ, ആർ. അഞ്ജുലാൽ, പി. ജെ. രാജേഷ് കുമാർ, വി. ബിനു, ആർ.വി. ഹരിലാൽ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.