കൊല്ലം: പാരിപ്പള്ളി ചന്തയിൽ എത്ര നീക്കം ചെയ്താലും മാലിന്യം ദിവസങ്ങൾക്കുള്ളിൽ മല പോലെ ഉയരുന്നു. ചന്തയിലെ മാലിന്യം സംസ്കരിക്കാൻ സ്ഥിരം സംവിധാനമില്ലാത്തതാണ് പ്രശ്നം.
ഒരാഴ്ച മുമ്പ് ചന്തയിലെ മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർണമായും നീക്കം ചെയ്തതാണ്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ പഴയപടിയായി. മീൻ കച്ചവട സ്റ്റാളിന്റെ പിൻഭാഗത്താണ് മാലിന്യം കുന്നുകൂടുന്നത്. ചന്തയിലെ കച്ചവടക്കാർ വില്പനയ്ക്ക് ശേഷം ബാക്കി വരുന്നതെല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് മടങ്ങുന്നതാണ് പ്രശ്നമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പുറത്ത് നിന്നുള്ളവരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ചന്തയ്ക്കുള്ളിൽ ബയോ കമ്പോസ്റ്റ് പ്ലാന്റുണ്ടെങ്കിലും വർഷങ്ങളായി പ്രവർത്തിക്കുന്നില്ല.
500 ബയോ ഡയജസ്റ്ററുകൾ
പാരിപ്പള്ളി ടൗണിലെ 500 കുടുംബങ്ങൾക്ക് പഞ്ചായത്ത് ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കാൻ ബയോ ഡയജസ്റ്ററുകൾ വിതരണം ചെയ്യും. 1600 രൂപയാണ് ഒരു ഡയജസ്റ്ററിന്റെ വില. ഇതിന്റെ ഗുണഭോക്തൃ വിഹിതമായ 160 രൂപ ലയൺസ് ക്ലബ്ബ് വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഫലത്തിൽ സൗജന്യമായാകും ബയോ ഡയജസ്റ്ററുകൾ ലഭിക്കുക.