kollam-corporation

 എസ്. ഗീതാകുമാരി എൽ.ഡി.എഫ് സ്ഥാനാർത്ഥി

കൊല്ലം: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. മുന്നണി ധാരണയെ തുടർന്ന് മേയർ, ഡെപ്യൂട്ടി മേയർ പദവികൾ സി.പി.എമ്മും സി.പി.ഐയും പരസ്പരം വച്ചുമാറിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.
നേരത്തെ സി.പി.എം പ്രതിനിധിയായിരുന്ന വി. രാജേന്ദ്രബാബു രാജി വച്ചതിനെ തുടർന്ന് സി.പി.ഐയിലെ ഹണി ബഞ്ചമിനെ മേയറായി തിരഞ്ഞെടുത്തിരുന്നു. സമാനമായ രീതിയിൽ സി.പി.ഐയിലെ വിജയാ ഫാൻസിന് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

സി.പി.എമ്മിലെ കോളേജ് ഡിവിഷനംഗം എസ്. ഗീതാകുമാരിയാണ് എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. നിലവിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയാണ്. യു.ഡി.എഫിൽ നിന്ന് ആർ.എസ്.പിയുടെ ശക്തികുളങ്ങര ഡിവിഷനംഗം എസ്. മീനാകുമാരി മത്സരിക്കും. എൽ.ഡി.എഫിന് 37 അംഗങ്ങളും യു.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് 2 പേരും എസ്.ഡി.പി.ഐയ്ക്ക് ഒരാളും എന്നതാണ് 56 അംഗ കൗൺസിലിലെ കക്ഷിനില. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോർപ്പറേഷന്റെ ഭരണ നേതൃത്വത്തിൽ മൂന്ന് വനിതകളാകും.