പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് എലിപ്പനിയുടെ രോഗലക്ഷണങ്ങൾ കാണുക. ആദ്യഘട്ടത്തിൽ പെടുന്നനെ ഉണ്ടാകുന്ന കഠിനമായ തലവേദന, കഠിനമായ ശരീരം വേദന (തുടയ്ക്കും ഇടുപ്പിനും പ്രത്യേകിച്ച്) കുളിരും പനിച്ച് വിറയ്ക്കലും ശാരീരിക അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. കണ്ണ് ചുവന്ന് തടിക്കൽ, തൊണ്ടവേദനയും ചുവപ്പ് നിറവും, ശരീരത്തിൽ തൊടുമ്പോഴുണ്ടാകുന്ന വേദന, കഴുത്തിലും കക്ഷത്തിലും ഉണ്ടാകുന്ന മുഴകൾ, തൊലിപ്പുറത്തെ ചൊറിഞ്ഞ് തടിക്കൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ഒരാഴ്ച കൊണ്ട് ഈ ലക്ഷണങ്ങൾ അവസാനിക്കുകയും ഈ ഘട്ടത്തിൽ രക്തത്തിൽ രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുകയും ചെയ്യാം. തുടർന്ന് രണ്ട് മൂന്ന് ദിവസത്തിനകം രണ്ടാം ഘട്ടമായ 'ഇമ്യൂൺ" ഘട്ടം തുടങ്ങും. ആദ്യഘട്ടത്തിന്റെ ലക്ഷണത്തോടൊപ്പം മെനിഞ്ജൈറ്റിസിന്റെ ലക്ഷണങ്ങളായ ഛർദ്ദിലും തലവേദനയും കഴുത്ത് തിരിക്കുമ്പോൾ വേദനയും ചിലർക്ക് (15 ശതമാനം പേർക്ക്) ഉണ്ടാകാം. രക്തത്തിൽ ആന്റിബോഡി കണ്ടുതുടങ്ങുന്നതോടെയാണ് ഈ ഘട്ടം ആരംഭിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവർത്തന പരാജയമാണ് ഈ ഘട്ടത്തിൽ പ്രകടമാവുക. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത്. ശരീരം നീരുവന്ന് തടിക്കുക, കരളിന്റെ പ്രവർത്തന തകരാറുകൊണ്ട് മഞ്ഞപ്പിത്തം ബാധിക്കുക, ത്വക്കിനടിയിലെ രക്തസ്രാവം കൊണ്ട് ചുവന്ന കുത്തുകൾ കാണുക, രക്തം ചുമച്ച് തുപ്പുക, ശ്വാസംമുട്ടൽ അനുഭവപ്പെടുക തുങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കുകയും ചെയ്യും. പത്ത് ശതമാനം പേർക്ക് വീൽസ് സിഡ്രോം എന്ന വൃക്ക, കരൾ അവയവങ്ങളുടെ പ്രവർത്തന തകരാറ് മൂലമുണ്ടാകുന്ന സങ്കീർണ രോഗാവസ്ഥ ഉണ്ടാവുകയോ പെട്ടെന്ന് മരണപ്പെടുകയോ ആകാം.
രോഗനിർണയം
ആദ്യഘട്ടത്തിൽ രക്തം കൾച്ചർ ചെയ്ത് രോഗം കണ്ടുപിടിക്കാം. തുടർന്ന് മൂത്രത്തിൽ നിന്ന് (പത്ത് ദിവസം മുതൽ) രോഗാണുവിനെ വേർതിരിക്കാം. രണ്ടാം ഘട്ടത്തിൽ രക്ത പരിശോധനയിലൂടെയും ഏലീസാ ടെസ്റ്റ് വഴിയും ആന്റിബോഡിയുടെ അളവ് തുടർച്ചയായി കൂടിവരുന്ന അവസ്ഥ കണ്ടുപിടിക്കാം. Is MELISA എന്ന നൂതന ടെസ്റ്റ് വഴിയും 'ലെപ്സ്റ്റോടി ഡിപ്സ്റ്റിക്ക് " വഴി രോഗം ആദ്യമേ തന്നെ കണ്ടുപിടിക്കാൻ ഇപ്പോൾ സാധിക്കും.
ചികിത്സ
ആരംഭത്തിൽ തന്നെ പെൻസിലിൻ കുത്തിവയ്ക്കുന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. രോഗത്തിന്റെ കഠിനാവസ്ഥ അനുസരിച്ചാണ് ആന്റി ബയോട്ടിക്ക് നിർണയിക്കുന്നത്. അധികഠിന രോഗാവസ്ഥയിൽ ഡയാലിസിസ്, വെന്റിലേറ്റർ, പ്ളാസ്മാപരേഡിസ് തുടങ്ങിയ രക്ഷാ പ്രയോഗങ്ങൾ വേണ്ടിവന്നേക്കും.
രോഗപ്രതിരോധം
മലിനമായ വെള്ളവുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനം. രോഗവാഹകരിൽ ഏറ്റവും പ്രധാനപ്പെട്ട മൂഷിക, എലിവർഗത്തിന്റെ നിയന്ത്രണം, മാലിന്യസംസ്കരണം, ആരോഗ്യബോധവത്കരണം, എന്നിവയും അനിവാര്യമാണ്. രോഗസാദ്ധ്യത എറിയ തൊഴിലിൽ ഏർപ്പെടുന്നവർ ആഴ്ചയിൽ ഒരിക്കൽ 200 എം.ജി ഡോക്സിസൈക്ളിൻ ഗുളിക കഴിക്കുന്ന കീമോപ്രൊഫൈലാക്സിസ് വളരെ ഫലപ്രദമായ ഒരു പ്രതിരോധ മാർഗമാണ്.