bodhapaurnami
കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി നെടുങ്ങോലം ഗവ.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ബോധപൗർണമി ബോധവൽക്കരണ സെമിനാർ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ, പ്രേം ഫാഷൻ ജൂവലറി ഉടമ ബി. പ്രേമാനന്ദ്, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയകുമാർ, എക്സൈസ് അസി. കമ്മിഷണർ ജെ. താജുദ്ദീൻകുട്ടി, കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ എന്നിവർ സമീപം

 വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പടയാളികളാകണം: ജി.എസ്. ജയലാൽ എം.എൽ.എ

കൊല്ലം: കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി നെടുങ്ങോലം ഗവ.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച 'ബോധപൗർണമി' ബോധവൽക്കരണ സെമിനാറിൽ ലഹരിക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.

വിദ്യാർത്ഥികളെ ലഹരിക്ക് അടിമപ്പെടുത്തുന്നതിന് പിന്നിൽ കേരളത്തിന്റെ വിഭവശേഷിയെ തകർക്കുകയെന്ന നിഗൂഢ അജണ്ടയുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. ലഹരി സംഘങ്ങളെ തടയാൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സംരക്ഷണ സമിതികൾ ഉടൻ രൂപീകരിക്കും. പത്രാധിപർ കെ. സുകുമാരന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രക്രിയയുടെ തുടർച്ചയാണ് കേരളകൗമുദി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ലഹരിവിരുദ്ധ പോരാട്ടം. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പടയാളികളാകണമെന്നും ജയലാൽ പറഞ്ഞു.

സംസ്ഥാന സർക്കാർ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുമ്പോഴും മദ്യം സുലഭമമായി ലഭ്യമാകാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു പറഞ്ഞു. ലഹരി പദാർത്ഥങ്ങൾ ജീവിതത്തിൽ ഒരിക്കൽ പോലും ഉപയോഗിക്കരുതെന്ന് ആശംസാ പ്രസംഗത്തിൽ പ്രേം ഫാഷൻ ജുവലറി ഉടമ ബി. പ്രേമാനന്ദ് പറഞ്ഞു. പരവൂർ മേഖലയിലെ ലഹരി വില്പനയും ഉപഭോഗവും നിയന്ത്രിക്കാൻ പരവൂർ കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസ് ആരംഭിക്കണമെന്നും പ്രേമാനന്ദ് ആവശ്യപ്പെട്ടു.

ലഹരി ഉപയോഗം പല സമർത്ഥരായ വിദ്യാർത്ഥികളുടെയും ഭാവി തകർത്തിട്ടുണ്ടെന്ന് ഭൂതക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. എക്സൈസ് അസി. കമ്മിഷണർ ജെ. താജുദ്ദീൻകുട്ടി ബോധവത്കരണ ക്ലാസെടുത്തു.

വനിതകലാസാഹിതി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ അദ്ധ്യാപിക ശ്യാമളയെ ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയകുമാർ സ്വാഗതവും കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.