യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി
രണ്ട് ബി.ജെ.പി കൗൺസിലർമാരും വോട്ടിംഗിൽ പങ്കെടുത്തില്ല
എസ്.ഡി.പി.ഐ അംഗം എത്തിയില്ല
കൊല്ലം: സി.പി.എമ്മിന്റെ കോളേജ് ഡിവിഷനംഗം എസ്. ഗീതാകുമാരി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയായ കളക്ടർ ബി. അബ്ദുൾ നാസറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ 37 വോട്ടുകളും നേടിയാണ് ഗീതാകുമാരി വിജയിച്ചത്.
യു.ഡി.ഫിൽ നിന്ന് ആർ.എസ്.പിയുടെ ശക്തികുളങ്ങര കൗൺസിലർ എസ്. മീനാകുമാരിയായിരുന്നു എതിർ സ്ഥാനാർത്ഥി. 13 വോട്ടുകൾ ലഭിച്ചു.
നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എൽ.ഡി.എഫിന്റെ 37 കൗൺസിലർമാരും എത്തിയിരുന്നു. യു.ഡി.എഫിലെ ഉദയസുകുമാരൻ അവധിയിലായിരുന്നു. എസ്.ഡി.പി.ഐ കൗൺസിലർ കൗൺസിലർ നിസാർ ഹാജരായില്ല. ബി.ജെ.പിയുടെ രണ്ട് കൗൺസിലർമാരും എത്തിയെങ്കിലും വോട്ടിംഗിൽ പങ്കെടുത്തില്ല.
കടപ്പാക്കട കൗൺസിലർ എൻ. മോഹനൻ ഗീതാകുമാരിയുടെ പേര് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. കുരീപ്പുഴ വെസ്റ്ര് കൗൺസിലർ എൻ. രാജ്മോഹൻ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പിയുടെ ശക്തികുളങ്ങര കൗൺസിലർ എസ്. മീനാകുമാരിയുടെ പേര് നീരാവിൽ കൗൺസിലർ ബി. അനിൽകുമാർ നിർദ്ദേശിച്ചു. പള്ളിമുക്ക് കൗൺസിലർ സലീന പിന്താങ്ങി. ഗീതാകുമാരിക്ക് എൽ.ഡി.എഫിന്റെ എല്ലാ വോട്ടുകളും ലഭിച്ചു. എന്നാൽ യു.ഡി.എഫിലെ ആർ.എസ്.പി കൗൺസിലർ സലീനയുടെ വോട്ട് അസാധുവായി. ഇതോടെ 14 യു.ഡി.എഫ് കൗൺസിലർമാരും തിരഞ്ഞെടുപ്പിൽ പങ്കെടുത്തെങ്കിലും 13 വോട്ടുകൾ മാത്രമാണ് മീനാകുമാരിക്ക് ലഭിച്ചത്.
സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ് എസ്. ഗീതാകുമാരി. നഗരസഭാ രൂപീകൃതമായ 2000 മുതൽ കൗൺസിലറാണ്. 2010ൽ നിലവിൽ വന്ന ഭരണസമിതിയിൽ ടൗൺ പ്ലാനിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്നു. നിലവിലെ ഭരണസമിതിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തതോടെ ഈ സ്ഥാനം രാജിവച്ചു. പഞ്ചായത്ത് വകുപ്പിൽ നിന്ന് വിരമിച്ച എൻ. ശശിധരനാണ് ഭർത്താവ്. അതുൽ ശശിധരൻ, അമൽ ശശിധരൻ എന്നിവർ മക്കൾ.
കുമാരിമാർ കൺഫ്യൂഷനാക്കി; യു.ഡി.എഫ് വോട്ട് അസാധുവായി
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ച എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഇനിഷ്യൽ ഒന്നാണെന്നതിന് പുറമേ ഇരുവരുടെയും പേരിനൊപ്പമുള്ള 'കുമാരി' യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവാകാൻ കാരണമായി. ഇനിഷ്യലായ 'എസും' പേരിലെ 'കുമാരി'യും മാത്രം ശ്രദ്ധിച്ച ആർ.എസി.പി കൗൺസിലർ സലീന ബാലറ്റ് പേപ്പറിൽ ഗുണന ചിഹ്നമിട്ടത് ഗീതാകുമാരിയുടെ പേരിന് നേരെ. പിന്നീടാണ് പേര് പൂർണമായും ശ്രദ്ധിച്ചത്. ഇതോടെ വീണ്ടും ബാലറ്റ് പേപ്പർ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനുള്ള നിയമതടസം കളക്ടർ വ്യക്തമാക്കിയതോടെ മീനാകുമാരിക്ക് കൂടി വോട്ട് രേഖപ്പെടുത്തി അസാധുവാക്കുകയായിരുന്നു.