amirtha
ബാങ്കോക്കിലെ അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്ന പുതിയകാവ് അമൃത വിദ്യാലയത്തിലെ കുട്ടികൾ

കൊല്ലം: പുതിയകാവ് അമൃത വിദ്യാലയത്തിലെ അടൽ ടിങ്കറിങ് ലാബിലെ നാലുകുട്ടികൾ തായ്‌ലന്റിലെ ബാങ്കോക്കിലെ കിംഗ് മോങ്കുട്ട് സർവകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസായ ഫാബ് ലേൺ 2020ൽ തങ്ങളുടെ ഗവേഷണഫലം അവതരിപ്പിക്കും. ജനുവരി പത്തിനാണ് കോൺഫറൻസ്.

അടിയന്തര സാഹചര്യങ്ങളിൽ ഡ്രോൺ പോലുള്ള ആളില്ലാ വാഹനങ്ങൾ ഉപയോഗപ്പെടുത്തി മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ആകാശമാർഗ്ഗം ആവശ്യക്കാരിൽ എത്തിക്കാനുതകുന്ന ഗവേഷണഫലമാണ് അവതരിപ്പിക്കുന്നത്. സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥികളായ സൻജുല ശ്രീകുമാർ, മധുമതി ആനന്ദ്, വൈശാഖ് അജിത് എന്നിവരുടെ ഗവേഷണ ഫലമായി രൂപപ്പെട്ടതാണ് ഇത്.
ഇതോടൊപ്പം അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി തേജസ് ശ്യാംലാൽ രൂപപ്പെടുത്തിയ സഹായ റോബോട്ടുകൾ, ആവി നൗക എന്നിവയെക്കുറിച്ചുള്ള തന്റെ ഗവേഷണഫലവും അവതരിപ്പിക്കുന്നുണ്ട്.
അമൃത സർവകലാശാലയ്ക്ക് കീഴിലുള്ള 'അമ്മച്ചി' ലാബുമായി സഹകരിച്ചു പ്രവർത്തിക്കുന്ന അടൽ ടിങ്കറിങ് ലാബ് പ്രളയം പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ സമൂഹ നന്മക്കായി സ്വന്തമായി ഡ്രോൺ പോലുള്ളവ നിർമ്മിക്കാനാവശ്യമായ സാങ്കേതിക അറിവുകൾ നൽകി ഗവേഷണ അഭിരുചികളെ പരിപോഷിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.
കുട്ടികൾക്ക് അന്താരാഷ്ട്രതലത്തിലെ വിദഗ്ദ്ധരുമായി സംവദിക്കാനും ശില്പശാലകളിൽ സംബന്ധിക്കാനും അവസരം ലഭിക്കും.