photo
മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പള്ളിക്കലാർ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ പ്രധാന ജലസ്രോതസായ പള്ളിക്കലാർ മാലിന്യ മുക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അടൂരിലെ കുട്ടിവനത്തിൽ നിന്ന് ഉത്ഭവിച്ച് കൊതിമുക്ക് വട്ടക്കായലിൽ പതിക്കുന്ന പള്ളിക്കലാർ വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ടൺ കണക്കിന് അറവ്, പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പള്ളിക്കലാറിലുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

പള്ളിക്കലാർ കടന്നുപോകുന്ന കന്നേറ്റി ശ്രീനാരായണ ഗുരുദേവ ബോട്ട് ക്ലബിന് വടക്കു ഭാഗത്തുനിന്നും പള്ളിക്കലാർ സംരക്ഷണ സമിതി, സംസ്ഥാന യൂത്ത് പ്രമോഷൻ കൗൺസിൽ, കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ ശേഷിക്കുന്നയിടങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇനിയും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതാണ് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും ജനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു.

മീനുകൾ ചത്തുപൊങ്ങുന്നു

ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറിന്റെ അടിത്തട്ടിൽ കുന്നുകൂടി കിടക്കുന്നത് മത്സ്യങ്ങളുടെ ആവാസ വ്യസ്ഥയെ തന്നെ തകിടംമറിച്ചു. ഓക്സിജന്റെ അളവും ഗണ്യമായി കുറയുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കണമ്പ് പോലുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് പതിവ് കാഴ്ചയാണ്. ആറിന്റെ അടിത്തട്ടിൽ കുന്നുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുരുങ്ങി മത്സ്യങ്ങൾ ചാകുന്നതും വിരളമല്ല.

വട്ടക്കായലിനും ഭീഷണി

പള്ളിക്കലാറിലൂടെ ഒഴുകി എത്തുന്ന മാലിന്യങ്ങൾ വന്നടിയുന്നത് കൊതിമുക്ക് വട്ടക്കായലിലാണ്. 400 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വട്ടക്കായലിന്റെ അടിത്തട്ട് പൂർണ്ണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ആറിന്റെ ഉത്ഭവ സ്ഥാനത്തു നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും വന്നടിയുന്നത് കൊതിമുക്ക് വട്ടക്കായലിലാണ്.

ആശ്രയിക്കുന്നത് 1000ങ്ങൾ

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളും കരുനാഗപ്പള്ളി, അടൂർ എന്നീ മുനിസിപ്പാലിറ്റികളും, 6 ബ്ലോക്ക് പഞ്ചായത്തുകളും, 22 ഗ്രാമപഞ്ചായത്തുകളും പള്ളിക്കലാറിന്റെ പരിധിയിൽ വരും. 42 കിലോമീറ്ററാണ് ആറിന്റെ ദൈർഘ്യം. കൊടിമൺ കുന്നു മുതൽ ശൂരനാട് വരെ തോടിന്റെ വീതി മാത്രമാണ് അറിനുള്ളത്. ശൂരനാട് മുതൽ തെക്കോട്ട് വട്ടക്കായൽ വരെയാണ് ആറ് പരന്നെഴുകുന്നത്.

കാൽനൂറ്റാണ്ടിന് മുമ്പ് വരെ തീരങ്ങളിൽ താമസിക്കുന്നവരുടെ പ്രധാന ജീവനോപധിയായിരുന്നു പള്ളിക്കലാർ. കുളിക്കുന്നതിനും, വസ്ത്രങ്ങൾ അലക്കുന്നതിനും ,മത്സ്യബന്ധനത്തിനും ആറിനെയാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്. അറവ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയതോടെ വെള്ളം മലിനമായി തുടങ്ങി. ഇതിനെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായി ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കണം. ആറ് കടന്നു പോകുന്ന ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. ഇതോടൊപ്പം തന്നെ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കണം.

കരുമ്പാലിൽ ഡി.സദാനന്ദൻ, പൊതു പ്രവർത്തകൻ