മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും വനിതകൾ
കൊല്ലം: കൊല്ലം കോർപ്പറേഷൻ ഭരണം ഇനി കുറച്ചുകാലത്തേക്കെങ്കിലും മൂന്നു വനിതകൾ നിയന്ത്രിക്കും. ഡെപ്യൂട്ടി മേയറായി എസ്. ഗീതാകുമാരി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടതോടെ കൊല്ലം കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി ഭരണത്തിന്റെ അമരക്കാരായ മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയും വനിതകളായി.
മൂന്നു പേർക്കും വിദ്യാർത്ഥിസംഘടനാ പ്രവർത്തന പശ്ചാത്തലമുണ്ടെന്ന പ്രത്യേകതയുമുണ്ട്. മേയർ ഹണി ബഞ്ചമിൻ എ.ഐ.എസ്.എഫിലൂടെയും ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി എസ്.എഫ്.ഐയിലൂടെയുമാണ് രാഷ്ട്രീയത്തിലെത്തിയത്. പഠനകാലത്ത് കെ.എസ്.യു പ്രവർത്തകയായിരുന്ന സെക്രട്ടറി എ.എസ് അനുജ തിരുവനന്തപുരം ലോ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായിരുന്നു.
മൂന്ന് പേരും വനിതകളായത് നഗരഭരണത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് മൂന്ന് പേരും ഉറപ്പിച്ച് പറയുന്നു. മറിച്ച് പരസ്പരമുള്ള ആശയവിനിമയ സാദ്ധ്യത വർദ്ധിക്കുന്നതിനാൽ ഭരണം കൂറെക്കൂടി മെച്ചപ്പെടുമെന്നും മൂന്ന് പേരും ഒരേസ്വരത്തിൽ പറയുന്നു. മേയർ സ്ഥാനത്തിന് സംവരണമില്ലെങ്കിലും വനിതയെ മേയറാക്കാനുള്ള സി.പി.ഐ തീരുമാനമാണ് കൊല്ലം നഗരത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ അപൂർവ്വതയ്ക്ക് വഴിയൊരുക്കിയത്. സെക്രട്ടറി എ.എസ്. അനുജ വരുന്ന മേയിൽ വിരമിക്കുന്നതിനാൽ അതുവരെയേ ഈ അപൂർവ്വതയ്ക്ക് ആയുസുള്ളു. അതിന് മുൻപ് സെക്രട്ടറിക്ക് സ്ഥലംമാറ്റമോ റീജിണൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റമോ ലഭിച്ചാലും ആ അപൂർവതയ്ക്ക് വിരാമമാവും. പകരം വനിത വന്നാൽ ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പ് വരെ വനിതകൾ തന്നെ നിയന്ത്രിക്കും.
ഹണി ബഞ്ചമിനും എസ്.ഗീതാകുമാരിയും ദീർഘകാലമായി കൗൺസിലർമാരായതിനാൽ മികച്ച അനുഭവ സമ്പത്തുള്ളവരാണ്. ആത്മാർത്ഥമായ സംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഇരുവർക്കും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ലഭിച്ചത്. മനസില്ലാ മനസോടെ സെക്രട്ടറിയായി എത്തിയ അനുജ സ്ഥാനക്കയറ്റമോ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റമോ കിട്ടിയില്ലെങ്കിൽ കൊല്ലത്ത് തന്നെ തുടരണമെന്ന ആഗ്രഹത്തിലാണിപ്പോൾ. 2000ൽ സർവീസിൽ പ്രവേശിച്ച അനുജ 2013 മുതൽ 2019 മാർച്ച് വരെ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയായിരുന്നു. പിന്നീട് തൃശൂർ കോർപ്പറേഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവേ കഴിഞ്ഞ സെപ്തംബറിലാണ് കൊല്ലത്തെത്തിയത്.