market
നാസർ. പിന്നിൽ ഓലാം കുട്ടയും കാണാം

പള്ളിമുക്ക്: പ്ളാസ്റ്റിക്കിനെ നാടുകടത്താൻ ഒരുങ്ങുന്ന കേരളത്തിന് ഐക്യദാർഢ്യവുമായി പഴയകാല ഓലക്കുട്ടകൾ വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ് കൊല്ലം പള്ളിമുക്കിലെ ഒരു വ്യാപാരി. പള്ളിമുക്ക് ചന്തയിൽ മുപ്പത് വർഷത്തോളമായി പച്ചക്കറി കച്ചവടം നടത്തുന്ന നാസറാണ് പഴയകാല ഓർമ്മകളിൽ നിന്ന് പ്ളാസ്റ്റിക് കവറിന് പകരക്കാരനെ കണ്ടെത്തിയത്.

'ഓലാം കുട്ട' എന്ന പേരിലാണ് പണ്ടുകാലങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നത്. ഏതാണ്ട് ഒരാഴ്ചയോളം കേടുകൂടാതെ ഉപയോഗിക്കാനും കഴിയും. ഒരു കുട്ടയ്ക്ക് അഞ്ച് രൂപ നിരക്കിലാണ് നാസർ സാധനം വാങ്ങാനെത്തുന്നവരിൽ നിന്ന് ഈടാക്കുന്നത്. പ്ളാസ്റ്റിക് കവറുകൾ ലഭ്യമല്ലാത്തതിനാൽ നിരവധി പേർ മടികൂടാതെ ഇവ വാങ്ങാറുണ്ടെന്ന് നാസർ പറയുന്നു.

ഒരു ഓലയിൽ നിന്ന് 15 മുതൽ 20 കുട്ടകൾ വരെ നിർമ്മിക്കാൻ കഴിയും. മറ്റ് കച്ചവടക്കാർക്കും ചന്തയിലെത്തുന്നവർക്കും കുട്ട നിർമ്മിക്കുന്നതിൽ പരിശീലനം നൽകാനും നാസറിന് മടിയില്ല.