കൊല്ലം: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.പി.എ കുറ്റം ചുമത്തുന്നതിലെ സമീപനവും മാറ്റണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തി സ്വന്തം പാർട്ടിക്കാരെ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചും മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നും മോദിക്ക് സ്വീകാര്യനാകാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ജെ.എൻ.യുവിൽ നടന്ന സംഭവങ്ങൾ വിഷമമുണ്ടാക്കുന്നു. രാജ്യത്തെ എല്ലാ വിഭാഗം സംഘടനകളും ഒത്തൊരുമിച്ച് വിദ്യാർത്ഥികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം.
ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നിയമത്തിന്റെ വിജയമല്ല, മറിച്ച് അതിന്റെ അപൂർണതയാണ് ചർച്ച ചെയ്യേണ്ടത്. യഥാർത്ഥ അവകാശികൾക്ക് ഇനിയും ഭൂമി ലഭിച്ചിട്ടില്ല. നിയമത്തിന്റെ പിതൃത്വം അവകാശപ്പെട്ട് തർക്കിക്കാൻ മാത്രമേ സി.പി.ഐയ്ക്കും സി.പി.എമ്മിനും സാധിക്കൂ. ഇരുകൂട്ടരും അന്നത്തെ മന്ത്രിസഭയിലുണ്ടായിരുന്ന കെ.ആർ. ഗൗരിഅമ്മയെ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സി.എം.പി ജില്ലാ സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എസ്. മോഹൻകുമാർ, കൊണ്ടോട്ടി മണികണ്ഠൻ, എം. അജിത്ത് എന്നിവരും പങ്കെടുത്തു.