കൊല്ലം: ജില്ലാ ആശുപത്രിയിൽ പണി പൂർത്തിയായ ഒന്നാം നമ്പർ ലിഫ്റ്റിലൂടെ അവശനിലയിലുള്ള കിടപ്പുരോരോഗികളെ സ്ട്രെച്ചറിൽ കൊണ്ടുപോകാനാകില്ല. പഴയ ലിഫ്റ്റ് മാറ്റി സ്ഥാപിച്ച പുതിയ ലിഫ്റ്റാണ് രോഗീ സൗഹൃദമല്ലെന്ന ആരോപണം ഉയരുന്നത്.
കാർഡിയോളജി വിഭാഗം നാലാം നിലയിലാണ് പ്രവർത്തിക്കുന്നത്. പഴയ ലിഫ്റ്റിലൂടെ രോഗികളെ ഇത്രയും കാലം സ്ട്രെച്ചറിൽ കിടത്തി നാലാം നിലവരെ എത്തിക്കാമായിരുന്നു. എന്നാൽ പുതിയ ലിഫ്റ്റിൽ രോഗികളെ കിടത്തുന്ന സ്ട്രക്ച്ചർ കയറ്റാനാകില്ല. വ്യക്തമായ കണക്ക് കൂട്ടലില്ലാതെ ലിഫ്റ്റ് സ്ഥാപിച്ചതാണ് ഈ സ്ഥിതി ഉണ്ടാകാൻ കാരണമായതെന്നാണ് സൂചന.
ഇനി മിനുക്ക് പണികൾ മാത്രം
എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 23.20 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം നിർമ്മാണ ചുമതല വഹിച്ച ലിഫ്റ്റിൽ ഇനി അവശേഷിക്കുന്നത് മുൻ ഭാഗത്തെ മിനുക്കുപണികൾ മാത്രമാണ്. ജില്ലാ ആശുപത്രി പ്രവർത്തനം തുടങ്ങിയ 1962ൽ സ്ഥാപിച്ച പഴയ ലിഫ്റ്റ് കേടായതിനെ തുടർന്നാണ് ആ സ്ഥാനത്ത് ആധുനിക രീതിയിലുള്ള ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുതിയ സ്ട്രക്ച്ചർ കൊണ്ടുപോകാം
അവശനിലയിലായ രോഗികളെ ട്രോളി മാതൃകയിലുള്ള സ്ട്രക്ച്ചറിൽ കിടത്തിക്കൊണ്ടു പോകാവുന്നത്രയും വിസ്തീർണം പഴയ ലിഫ്റ്റിലുണ്ടായിരുന്നു. 7 അടിയോളം നീളമുള്ള ഈ സ്ട്രെച്ചർ ഇനി പുതിയ ലിഫ്റ്റിൽ കയറ്റാനാകില്ല. ഇനി മുതൽ ഇത്തരം രോഗികളെ ഒന്നുകിൽ നീളം കുറഞ്ഞ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടുപോകാം, അല്ലെങ്കിൽ ഇരുത്തി ട്രോളിയിൽ കൊണ്ടുപോകാമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നത്.
പഴയ മാനുവൽ ലിഫ്റ്റ് മാറ്റി അതേ സ്ഥലത്താണ് പുതിയ ആട്ടോമാറ്റിക് ലിഫ്റ്റ് സ്ഥാപിച്ചത്. ഉള്ളിലേക്ക് 3 മീറ്ററെങ്കിലും സ്ഥലം ഉണ്ടെങ്കിലേ ഉൾവശത്ത് വിസ്തീർണമേറിയ ലിഫ്റ്റ് സ്ഥാപിക്കാനാകൂ. എന്നാൽ 2.43 മീറ്റർ മാത്രമാണ് ഉള്ളിലേക്കുള്ളത്. പിന്നിലെ മതിലും ലിഫ്റ്റും തമ്മിലുള്ള അകലം വെറും 7 സെന്റീമീറ്റർ മാത്രം. എന്നാൽ വശങ്ങളിലേക്ക് 1.7 മീറ്റർ വീതി വേണ്ടിടത്ത് 1.99 മീറ്റർ വീതിയുണ്ട്. അതിനാൽ പിന്നിലേക്ക് കിട്ടേണ്ട സ്ഥലം വശങ്ങളിലേക്ക് എടുത്തിട്ടുണ്ട്. ഉള്ളിലേക്ക് മൂന്ന് മീറ്റർ സ്ഥലം ലഭിച്ചാൽ മാത്രമേ രോഗികളെ കിടത്തിക്കൊണ്ട് പോകാവുന്ന ട്രോളി കയറ്റാനാകൂ. ഇതേ സ്ഥലത്ത് പ്രവർത്തിച്ച പഴയ ലിഫ്റ്റിൽ രോഗികളെ എങ്ങനെ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടുപോയെന്നാണ് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചോദിക്കുന്നത്.
'ലിഫ്റ്റ് സ്ഥാപിച്ചു കഴിഞ്ഞു. ഇനി മുൻഭാഗത്ത് ടൈൽസ് ഒട്ടിച്ച് മിനുക്ക് പണികൾ മാത്രമാണ് ശേഷിക്കുന്നത്. അത് ചെയ്യേണ്ടത് ആശുപത്രി അധികൃതരാണ്'
പി.ടി. രജിത്ത്, എ.ഇ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം.
'ഈ മാസം 31നകം ലിഫ്റ്റ് ഉദ്ഘാടനം ചെയ്യും"
ഡോ. വസന്തദാസ്, സൂപ്രണ്ട്, ജില്ലാ ആശുപത്രി