പിടികൂടിയത് സാഹസികമായി
കൊല്ലം: അന്തർ സംസ്ഥാന മോഷ്ടാവ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസിന്റെ പിടിയിലായി. ബംഗളൂരു ചന്ദാ ലേഒൗട്ട്, ഗംഗോദനഹള്ളി സ്വദേശി ഇബ്രാഹിമാണ് (27) പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഒന്നാം പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. കുതറിയോടിയ പ്രതിയെ അര കിലോമീറ്രറോളം പിന്തുടർന്ന് റെയിൽവേ കോമ്പൗണ്ടിന് പുറത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പിടികൂടുകയായിരുന്നു. പിടിയിലാകും മുൻപ് പ്രതി മൊബൈൽ ഫോണിലെ മെമ്മറികാർഡും സിംകാർഡും നശിപ്പിച്ച് വലിച്ചെറിച്ചു. ഫോൺ ഫോർമാറ്റും ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ തിരിച്ചെടുത്ത് പരിശോധിച്ചപ്പോൾ എറണാകുളത്ത് നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. മൊബൈൽ ഫോൺ എറണാകളം റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്നും ബാഗ് കുത്തിത്തുറന്ന് മോഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബർ 28ന് എറണാകുളം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിംഗ് മെഷിൻ ഓപ്പറേറ്ററിൽ നിന്നും 99160 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തതായി സമ്മതിച്ചു. പ്രതി ബാഗുമായി ഓടുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കോയമ്പത്തൂർ അനാഥ മന്ദിരത്തിൽ നിന്നും 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ട്രെയിനിൽ വച്ച് പീഡിപ്പിച്ച കേസിലും തൃശൂർ റെയിൽവേ പൊലീസ് ഇബ്രാഹിമിനെ നാലു വർഷമായി തിരഞ്ഞു വരികയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആസാദ് അബ്ദുൾ കലാമിന് പുറമെ കൊല്ലം റെയിൽവേ എസ്.ഐ ഉമറുൾ ഫാറൂഖ്, അനിൽകുമാർ, രാജു. ആദ്യത്യൻ, ദിനേഷ്, ജിനദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.