കൊല്ലം: സാമൂഹിക വികസനത്തിൽ സർക്കാരും ജനങ്ങളുമായുള്ള കണ്ണികളായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. കൊട്ടാരക്കര കില ഇ.ടി.സിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ പതിമൂന്നാമത് ബാച്ചിന്റെ രണ്ടാംഘട്ട ഇൻ-സർവീസ് പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാരിന്റെ പദ്ധതികൾ അതത് സമയംതന്നെ അർഹതപ്പെട്ട ജനങ്ങളിലെത്തിക്കുകയും അതിന്റെ പ്രയോജനം അവർക്ക് ലഭിക്കുമ്പോഴുമാണ് യഥാർത്ഥ വികസനം സാധിക്കുന്നത്.
ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന നൂലാമാലകളും തടസവാദങ്ങളും ചില ഓഫീസുകളിൽ ഇപ്പോഴും ഉണ്ട്. ജനാധിപത്യ ഭരണസമ്പ്രദായത്തിൽ അത്തരം കാര്യങ്ങളെല്ലാം മാറ്റിവച്ച് ജനങ്ങൾക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഉദ്യോസ്ഥർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കില ഇ.ടി.സി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ലക്ചറർ എസ്. രമേശൻ നായർ, കോഴ്‌സ് ഡയറക്ടർ ജി. മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.