kunnathur
പതിനേഴുകാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് പിടികൂടിയ പ്രതികൾ

കുന്നത്തൂർ: കുന്നത്തൂർ സ്വദേശിയായ പതിനേഴുകാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കടമ്പനാട് തുവയൂർ തെക്ക് കോളനിയിൽ വിജീഷ് (അപ്പു-30), തുവയൂർ തെക്ക് കോളനിയിൽ പാലപ്പള്ളി തെക്കതിൽ ഹരിചന്ദ്രൻ (38) എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിനിരയായ യുവാവിന്റെ വീടിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരുന്നയാളെ പ്രതികൾ മർദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. മാരകായുധങ്ങൾ അടക്കമുള്ളവയുമായി വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ 17കാരനെ മർദ്ദിക്കുകയും വാൾ വീശി വെട്ടാൻ ശ്രമിക്കുകയും ചെയ്തു. സമയം തടസ്സം പിടിക്കാനെത്തിയ അമ്മയ്ക്കും മർദ്ദനമേറ്റു, ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. ശാസ്താംകോട്ട എസ്.ഐമാരായ ഷുക്കൂർ, നാസറുദ്ദീൻ, എ.എസ്.ഐ സുരേഷ്‌കുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.