കൊല്ലം: ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പി, ആർ.എസ്.എസ് ക്രിമിനലുകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ നടത്തിയ ഭീകരവും ആസൂത്രിതവുമായ ആക്രമണത്തിനു പിന്നിൽ കേന്ദ്ര സർക്കാരിനുള്ള പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ ആവശ്യപ്പെട്ടു.
ജെ.എൻ.യു അതിക്രമത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കൊല്ലം സിറ്റി കമ്മിറ്റി നടത്തിയ യുവജനമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജിലാൽ. ഫീസ് വർദ്ധനവിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂണിയൻ പ്രസിഡന്റ് ഐഷിഘോഷി ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും ഇരുട്ടിന്റെ മറവിൽ മുഖം മൂടിയണിഞ്ഞ് ആയുധബലത്തിൽ ആക്രമിച്ച ഫാസിസ്റ്റ് നടപടി സംഘപരിവാർ ഭരണകൂട ഭീകരതയുടെ തെളിവാണ്. വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകേണ്ട പൊലീസ് അക്രമികൾക്ക് ആയുധവും അവസരവും ഒരുക്കി കൊടുക്കുകയായിരുന്നു. പ്രതിഷേധങ്ങളെ ആശയപരമായി നേരിടാനാകാത്ത ഭീരുക്കളാണ് സംഘപരിവാറുകാരെന്ന് സജി ലാൽ പറഞ്ഞു.
യോഗത്തിൽ എ.ഐ.വൈ.എഫ് കൊല്ലം സിറ്റി മണ്ഡലം പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.വിനേഷ് സ്വാഗതം പറഞ്ഞു.നാസിം,പ്രശാന്ത് ,ഷാനവാസ് എന്നിവർ സംസാരിച്ചു. ഷെമീർ,ഷെഫീക്,ശ്യാം എന്നിവർ നേതൃത്വം നൽകി. സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.