കൊല്ലം: ജോലിക്ക് നിന്ന വീട്ടിൽ നിന്നും 40 പവൻ മോഷ്ടിച്ച ഹോം നഴ്സ് പിടിയിൽ. കാക്കത്തോപ്പ് ഗാർഫിൽ നഗർ ലെനിൻ വില്ലയിൽ നിഷാ ദാസനാണ് (32) പിടിയിലായത്.
താന്നി വടക്കുംഭാഗം സ്വദേശി ജോർജ്ജിന്റെ വീട്ടിൽ നിന്നും 15 ദിവസം മുൻപ് മൊബൈൽ ഫോൺ മോഷണം പോയി. തൊട്ടടുത്ത ദിവസം മുതൽ നിഷാ ദാസൻ ജോലിക്ക് വന്നില്ല. ഇതോടെ ജോർജ്ജ് ഇരവിപുരം പൊലീസിന് പരാതി നൽകി. ഫോണിന്റെ ഐ.എം.ഇ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഫോൺ മോഷ്ടിച്ചത് നിഷാ ദാസനാണെന്ന് ഉറപ്പായതോടെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതിരുന്ന മോഷണവിവരം പുറത്ത് വന്നത്.
വീട്ടിലെ അലമാര തുറക്കുമ്പോൾ തന്നെ കാണാൻ കഴിയുന്ന തരത്തിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നു. മൊബൈൽ ഫോൺ നഷ്ടമായതിന് പിന്നാലെ അലമാര പരിശോധിച്ചപ്പോൾ പുറത്ത് കാണാൻ കഴിയുന്ന തരത്തിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടതിനാൽ ഉള്ളിലേക്ക് നോക്കിയില്ല. അലമാരയിലെ മേശയ്ക്കുള്ളിൽ കിഴിയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണം ആറ് മാസം മുൻപേ മോഷ്ടിച്ചെന്നായിരുന്നു നിഷാ ദാസന്റെ വെളിപ്പെടുത്തൽ. ഇരവിപുരം സി.ഐ കെ. വിനോദ്, എസ്.ഐമാരായ സുജീഷ് ജി. നായർ, ബിനോദ് കുമാർ, എ.എസ്.ഐ ഷിബു.ജെ. പീറ്റർ, വനിതാ സി.പി.ഒ മഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.