കരുനാഗപ്പള്ളി: വിധവയായ വീട്ടമ്മയ്ക്കും രണ്ട് പെൺമക്കൾക്കും വീട് നിർമ്മിച്ച് നൽകി റസിഡന്റ്സ് അസോസിയേഷൻ മാതൃകയായി. പടനായർകുളങ്ങര തെക്കുംമുറി സംഗീതാ ഭവനിൽ പപ്പന്റെ ഭാര്യയായ മായയ്ക്കും മക്കൾക്കുമാണ്
നഗരസഭയുടെ 16-ം ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ വീട് നിർമ്മിച്ച് നൽകിയത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് രണ്ട് മുറികൾ, അടുക്കള, ഹാൾ, വർക്ക് ഏരിയ, ബാത്ത്റൂം എന്നിവയുള്ള വീട് നിർമ്മിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ജി. പവിത്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഭദ്രദീപം തെളിച്ച് വീടിന്റെ പ്രവേശന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സീനത്ത് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി എ. രവി, കൗൺസിലർമാരായ എം.കെ. വിജയഭാനു, ശാലിനി കെ. രാജീവ്, എൻ. വിജയൻപിള്ള, രക്ഷാധികാരികളായ ഡോ. കെ. പരമേശ്വരൻപിള്ള, ഡോ. കണ്ണൻ, കരുമ്പാലിൽ ഡി. സദാനന്ദൻ, രാജൻ ചിങ്ങവനം എന്നിവർ സംസാരിച്ചു.