photo

കൊല്ലം: നിരത്തിൽ ബുള്ളറ്റിൽ ചെത്തിനടക്കുന്ന ചുള്ളൻ പയ്യനെ കണ്ട് പലർക്കും പരിചയം, ഇത് നമ്മുടെ കളക്ടർ ബ്രോയല്ലേ? ചുവപ്പ് കളറുള്ള റോയൽ എൻഫീൽഡിൽ ചെറു പുഞ്ചിരിയോടെയാണ് കളക്ടർ ബി.അബ്ദുൽ നാസറിന്റെ യാത്ര. ഔദ്യോഗിക വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാണ് അബ്ദുൽ നാസർ നഗരത്തിൽ ബുള്ളറ്റ് യാത്ര ചെയ്യാറുള്ളത്. ബീച്ചിലും പരിസരങ്ങളിലുമൊക്കെ സായന്തനങ്ങളിൽ ഈ ബുള്ളറ്റ് എത്തും. പരിചയക്കാരോട് കുശലം പറഞ്ഞും പുതിയ പരിചയക്കാരെ കണ്ടെത്തിയും ഇടപെടേണ്ട സാഹചര്യങ്ങളിൽ കളക്ടറായി ഇടപെട്ടുമൊക്കെയാണ് ഈ സഞ്ചാരം.

ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി മുന്നേറുന്ന വേളയിലൊക്കെ അബ്ദുൽ നാസറിന് ബുള്ളറ്റിനോട് വല്ലാത്ത ഭ്രമമുണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ബുള്ളറ്റിലൊന്ന് കയറുവാൻ പോലും അവസരമുണ്ടായിരുന്നില്ല. അനാഥാലയത്തിലെ സങ്കടങ്ങൾക്കിടയിലും ഒരിക്കൽ താനൊരു ബുള്ളറ്റ് വാങ്ങുമെന്ന് അബ്ദുൽ നാസർ കൂട്ടുകാരോട് പറയുമായിരുന്നു. ഇന്ന് കൊല്ലത്ത് ജനകീയ കളക്ടറുടെ മുഖമാണ് അബ്ദുൽ നാസറിന്. നാടിന്റെ നീറുന്ന പ്രശ്നങ്ങളും കുടുംബത്തിലെ സങ്കടങ്ങളും പറയാനെത്തുന്നവർക്ക് കാതുകൊടുക്കുന്ന കളക്ടറാണെന്ന വിശ്വാസം ആർജ്ജിക്കുകയും ചെയ്തു. സർക്കാർ സ്ഥലംമാറ്റിയപ്പോഴും കൊല്ലത്തുകാർ വിടില്ലെന്ന നിലപാടെടുത്തതും അതുകൊണ്ടുതന്നെ.

കഴിഞ്ഞദിവസം ബീച്ചിന് സമീപത്ത് ഒരു കൂട്ടർ ക്ഷണിച്ചു. കൊടിവച്ച കാറിൽ കളക്ടർ വരുമെന്ന പ്രതീക്ഷയിൽ നിന്നവർക്ക് മുന്നിൽ ബുള്ളറ്റിൽ 'ഒരു ചെത്ത് പയ്യൻ' വന്ന് നിന്നപ്പോൾ അവർ മൈൻഡ് ചെയ്തില്ല. പതിയെ ഹെൽമറ്റ് ഊരിമാറ്റി പുഞ്ചിരിയോടെ അദ്ദേഹം ഇറങ്ങിയപ്പോഴാണ് കാത്തുനിന്നവർ ഞെട്ടിയത്. ചെലവ് ചുരുക്കലിനും എളുപ്പമെത്താനും ഈ ബുള്ളറ്റ് യാത്ര ഉപകരിക്കുമെന്നാണ് കളക്ടർ ബ്രോ പറയുന്നത്.