onion

കൊല്ലം: പൊതുവിപണിയിൽ വില ഇടിഞ്ഞിട്ടും സപ്ലൈകോയിലും ഹോർട്ടികോർപ്പിലും സവാളയ്ക്ക് പൊള്ളും വില. കൊല്ലം നഗരത്തിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ പൂനെ സവാളയുടെ വില 60 രൂപയാണ്. എന്നാൽ, സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 73നും ഹോർട്ടികോർപ്പിൽ 69 രൂപയ്ക്കുമാണ് വിൽക്കുന്നത്.

ഈ മാസം ആദ്യമെത്തിയ സവാളയാണ് 73 രൂപയ്ക്ക് വിൽക്കുന്നതെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. എന്നാൽ നഗരത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ 55 രൂപയ്ക്ക് പൂനെ സവാള എത്തിയിരുന്നു. പൊതുവിപണിയിലെ വില നിരീക്ഷിക്കാതെ സവാള വാങ്ങിയതാണ് ഉയർന്ന വില ഈടാക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്. സപ്ലൈകോയുടെ പല ഔട്ട്ലെറ്റുകളിലും സവാള കിട്ടാനുമില്ല.

പൊതുവിപണിയെക്കാൾ വില കൂടുതലായതിനാൽ വില്പന നടക്കാതെ സവാള നശിക്കുന്നതായും പരാതിയുണ്ട്. പുതിയ സ്റ്റോക്ക് എത്തുന്നതോടെ പൊതുവിപണിയെക്കാൾ വില താഴുമെന്ന് സപ്ലൈകോ അധികൃത‌ർ പറയുന്നു.

നാഫെഡിൽ നിന്ന് ലഭിച്ച സവാള ചെറിയ ലാഭവിഹിതം ചേർത്താണ് വിൽക്കുന്നതെന്നാണ് ഹോർട്ടികോർപ്പിന്റെ വിശദീകരണം. അതേസമയം, കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാ‌ർക്കറ്റുകളിൽ മൂന്ന് മാസമായി സവാള ലഭ്യമല്ല.

ഒരുമാസം മുമ്പ് കിലോയ്ക്ക് 160 രൂപ വരെയെത്തിയ സവാള വില ഈ മാസം അവസാനത്തോടെയാണ് കുത്തനെ ഇടിഞ്ഞത്. പൂനെയിൽ നിന്ന് കൂടുതൽ ലോഡ് എത്തുന്നതോടെ സവാള വില ഇനിയും ഇടിയുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

സവാള വില

 പൊതുവിപണിയിൽ- 60

 ഹോർട്ടികോർപ്പിൽ- 69

 സപ്ലൈകോയിൽ - 73