കൊട്ടാരക്കര: കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ പൊട്ടിയൊഴുകുന്നത് ഏവരേയും വലയ്ക്കുന്നു. മൂക്കുപൊത്താതെ സിവിൽ സ്റ്റേഷനിൽ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സബ് ട്രഷറിയുടെ ഭാഗത്തായാണ് കൂടുതൽ ദുരിതം. മാലിന്യ നിക്ഷേപവും ഇതിനടുത്തുണ്ട്. പെൻഷൻ വാങ്ങുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
മലിനജലം തളംകെട്ടി നിൽക്കുന്നതിനൊപ്പം ഭിത്തികളിൽക്കൂടി ഇത് ഒലിച്ചിറങ്ങുന്നുമുണ്ട്. ഏറെക്കാലമായി അവസ്ഥ തുടരുകയാണ്. മുമ്പ് പ്രതിഷേധമുണ്ടായപ്പോൾ പൊതുമരാമത്ത് വകപ്പ് അധികൃതർ ഉടൻ പരിഹാരമുണ്ടാക്കുമെന്ന് അറിയിക്കുകയും സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തതാണ്. എന്നാൽ തുടർനടപടി ഉണ്ടായില്ല.
ഇപ്പോൾ ദിനംപ്രതി ബുദ്ധിമുട്ട് ഏറുകയാണ്. ഏറെനേരം ആളുകളെ ഇവിടെ നിർത്താൻ പറ്റാത്ത സ്ഥിതിയായതിനാൽ ട്രഷറിയുടെ നടപടിക്രമങ്ങളിൽ മാറ്റങ്ങളും വരുത്തി. താലൂക്ക് സഭയിലടക്കം വിഷയം ഉന്നയിച്ചിട്ടും നടപടി ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചപ്പോൾ സംഭവിച്ച അപാകതയാണ് ഈ ദുരിതാവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു. വേണ്ടത്ര ടോയ്ലറ്റ് സംവിധാനങ്ങൾ ഇല്ലാത്തതായിരുന്നു ആദ്യഘട്ടത്തിലെ പരാതി. ഇതിന് പരിഹാരം ഉണ്ടാക്കിയപ്പോഴാണ് ഉള്ളത് തലവേദനയായി മാറിയത്. 2018 ജൂലൈ 23ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഒരു വർഷം തികയും മുമ്പുതന്നെ കെട്ടിടം ചോർന്നൊലിക്കുന്നുവെന്ന പരാതിയുമുണ്ടായി. ഫ്രണ്ട് ഓഫീസ് അവിടുന്ന് മാറ്റേണ്ട സ്ഥിതിയുമായി.
വിവാദങ്ങൾ പിടിവിടാതെ
10.38 കോടി രൂപ മുടക്കിയാണ് കൊട്ടാരക്കരയിൽ സിവിൽ സ്റ്റേഷൻ നിർമ്മിച്ചത്. നിർമ്മാണം തുടങ്ങിയ നാൾ മുതൽ വിവാദത്തിന് നടുവിലാണ് കെട്ടിടം. ഇടയ്ക്ക് കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. റീ ടെണ്ടറിന് ആലോചിച്ചപ്പോഴാണ് പിന്നീട് സമവായമുണ്ടാക്കി നിർമ്മാണം പൂർത്തിയാക്കിയത്. കെങ്കേമമായി ഉദ്ഘാടനവും നടത്തി. 16 ഓഫീസുകളുടെ പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു. ആർ.ടി.ഒ ഓഫീസുൾപ്പടെ പിന്നീട് ഇവിടേക്ക് എത്തുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയായി പിന്നീടുള്ള വിവാദങ്ങൾക്ക് കാരണം.
രണ്ടാം ഘട്ടവും പൂർത്തീകരണത്തിലേക്ക്
സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഒരു നിലയാണ് ഇപ്പോൾ നിർമ്മിക്കുന്നത്. ഇതിനായി 7കോടി 30 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ്, ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസ്, സർവേ ഓഫീസുകൾ, ഡയറി ഡെവലപ്മെന്റ് ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, ഇൻസ്പെക്ടിംഗ് അസി. കമ്മിഷണർ ഓഫീസ്, കൊമേഴ്സ്യൽ ടാക്സ് ഓഫീസ്, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസ് എന്നിവ ഇവിടേക്ക് മാറ്റും.