cood

 കാർഷിക മേഖലയിൽ തിട്ടപ്പെടുത്താനാകാത്ത നഷ്ടം

കൊല്ലം: ധനുമാസം പാതി കഴിഞ്ഞതേയുള്ളു, മീനച്ചൂടിനെയും വെല്ലുന്ന കൊടും ചൂടിൽ തിളയ്ക്കുകയാണിപ്പോൾ പകലുകൾ. ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിനെ കണികാണാൻ പോലുമില്ല. വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ സൂചനയാണിതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു. ആഗോള താപനത്തിന്റെ അനന്തര ഫലമായുള്ള കൊടും വരൾച്ചയാണിത്. കഴിഞ്ഞ ക്രിസ്‌മസ് കാലത്ത് ഭേദപ്പെട്ട തണുപ്പും മഞ്ഞും ലഭിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം 'ഹീറ്റ് വേവി"ന് സമാനമായ സാഹചര്യമാണ് ക്രിസ്‌മസ് പകലുകളിൽ പോലും ഉണ്ടായത്.

ഉച്ചസമയത്ത് പുറത്തിറങ്ങി നടക്കുന്നവർക്ക് സൂര്യാതപം ഏൽക്കുംപോലെ ദേഹം പൊള്ളുകയാണ്. ഉച്ചനേരത്തെ ബൈക്ക് യാത്രയും കാൽനടയാത്രയും ഒഴിവാക്കുകയാണ് മിക്കവരും. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓരോ ദിവസത്തെയും സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെങ്കിലും വരാനിരിക്കുന്ന വരൾച്ചയെ മറികടക്കാനുള്ള മുന്നൊരുങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടില്ല.

കാർഷിക മേഖലയിൽ ആശങ്ക

ജില്ലയുടെ കാർഷിക മേഖലയും ആശങ്കയിലാണ്. ചെറുകുളങ്ങളെയും ജലാശയങ്ങളെയും ആശ്രയിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കൊടും വേനലുകളെ അതിജീവിച്ച കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് പഴമക്കാരെയും ആശങ്കപ്പെടുത്തുകയാണ്. വേനൽക്കാലത്ത് കിണർ വറ്റുമ്പോൾ ആഴം കൂട്ടിയാണ് മിക്കവരും പരിഹാരം കണ്ടത്. കിണർ കുഴിച്ചപ്പോൾ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം ആഴമുണ്ട് ഇപ്പോൾ പല കിണറുകൾക്കും. ഇനിയും കിണറുകളിലെ ജലനിരപ്പ് താഴ്ന്നാൽ അതിനെ അതിജീവിക്കുക ദുഷ്ക്കരമാകും.

 വെയിലേറ്റ് കരിഞ്ഞ്

കൃഷിയും കർഷകരും

ജില്ലയിലെ കാർഷിക മേഖല അനുദിനം കൊടും വെയിലേറ്റ് കരിഞ്ഞുണങ്ങുകയാണ്. ഓണക്കാലത്ത് ഉപ്പേരി തയ്യാറാക്കാൻ ആവശ്യമായ നേന്ത്രക്കുലകൾക്കായി വാഴക്കൃഷി തുടങ്ങേണ്ടത് ഡിസംബർ - ജനുവരി മാസങ്ങളിലാണ്. നിലമൊരുക്കാൻപോലും പാടശേഖരങ്ങളിൽ വെള്ളമില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. കുലച്ച വാഴകൾ വേണ്ടത്ര വെള്ളം ലഭിക്കാതെ ഒടിഞ്ഞ് വീഴുന്നതും പതിവായി. ഒടിഞ്ഞുവീണ വാഴക്കുലകൾ വില്പനയ്ക്ക് വൻ തോതിൽ എത്തുന്നതിനാൽ ഏത്തക്കുലയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഘട്ടത്തിൽ കിലോയ്ക്ക് 80 രൂപ വരെ ലഭിച്ചിരുന്ന ഏത്തക്കുലയ്ക്ക് ഇപ്പോൾ 25 മുതൽ 32 രൂപ വരെയാണ് ലഭിക്കുന്നത്. വെള്ളമില്ലാതെ പച്ചക്കറി കൃഷികളും കരിഞ്ഞുണങ്ങുകയാണ്.

 ഇനി ആശ്രയം കല്ലട കനാലുകൾ

കല്ലട ജലസേചന പദ്ധതിയുടെ ഇടത്, വലതുകര കനാലുകൾ തുറക്കുന്നത് കാത്തിരിക്കുകയാണ് കർഷകർ. കനാൽ തുറന്നെങ്കിൽ മാത്രമേ കൃഷിക്കും നിത്യ ജീവിതത്തിനും ആവശ്യമായ വെള്ളം ലഭിക്കുകയുള്ളൂ. തെന്മല പരപ്പാർ അണക്കെട്ടിൽ ആവശ്യത്തിന് ജലമുണ്ട്. ഇപ്പോൾ കല്ലട കനാലുകൾ തുറന്നാൽ വരൾച്ച രൂക്ഷമാകുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലദൗർലഭ്യം ഉണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതർ.

...................................

വിവിധ നഗരങ്ങളിലെ ഇന്നലത്തെ താപനില

(ഡിഗ്രി സെൽഷ്യൽസിൽ )

കൊല്ലം നഗരം : 33

കൊട്ടാരക്കര : 34

പുനലൂർ : 34

കരുനാഗപ്പള്ളി : 33

ചാത്തന്നൂർ: 33

ശാസ്താംകോട്ട : 33

...........................................................

സൂര്യാതാപത്തെ ചെറുക്കാം

# രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് സൂര്യാതാപത്തിന് സാധ്യത

# ഇളം നിറത്തിലുള്ള കനം കുറഞ്ഞ വസ്ത്രം ധരിക്കുക

# വെയിലത്ത് ജോലി ചെയ്യുന്നവർ ഇടയ്‌ക്കിടെ തണലിലേക്ക് മാറണം

# പതിവിൽ കൂടുതൽ വെള്ളം കുടിക്കുക

# സൂര്യാതാപമേറ്റെന്ന് സംശയം തോന്നിയാൽ വൈദ്യ സഹായം തേടണം

.......................................

വരാനിരിക്കുന്ന കൊടും വരൾച്ചയുടെ സൂചനയാണിത്. ആഗോളതാപനം തന്നെയാണ് ഇതിന് കാരണം. കാർഷിക പ്രതിസന്ധിയും ജല ദൗർലഭ്യവും രൂക്ഷമാകും.

ഡോ.സൈനുദ്ദീൻ പട്ടാഴി

പരിസ്ഥിതി ശാസ്ത്രജ്ഞൻ