kudumbasree
പുനലൂരിലെ അപ്പാരൽ യൂണിറ്റ്

# തുണി സഞ്ചികൾ നിർമ്മിക്കുന്ന യൂണിറ്റുകൾ: 140

# ഒരു ദിവസം തയ്യാറാക്കുന്നത്: 25000 സഞ്ചികൾ

# അപ്പാരൽ യൂണിറ്റുകൾ: പുനലൂർ, നെടുമ്പന

# ഉപയോഗിക്കുന്നത് : കോട്ടൺ തുണികൾ മാത്രം

കൊല്ലം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം വന്നതോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണം ഉഷാറായി. ജില്ലയിൽ 140 ഓളം യൂണിറ്റുകളിലാണ് തുണി സഞ്ചികളും പേപ്പർ സഞ്ചികളും നിർമ്മിക്കുന്നത്. ഒരു ദിവസം കാൽ ലക്ഷത്തിലധികം തുണിസഞ്ചികളാണ് കുടുംബശ്രീ യൂണിറ്റുകളിൽ നിർമ്മിക്കാൻ കഴിയുന്നത്. പുനലൂർ, നെടുമ്പന എന്നിവിടങ്ങളിൽ ഇതിനായി രണ്ട് അപ്പാരൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. പുനലൂരിലെ യൂണിറ്റിൽ 50പേരും നെടുമ്പന യൂണിറ്റിൽ 28പേരും ജോലി ചെയ്യുന്നു. മറ്റ് ചെറിയ യൂണിറ്റുകളിൽ 100 മുതൽ അയ്യായിരം വരെ തുണി സഞ്ചികൾ നിർമ്മിക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഉപയോഗിക്കാനുള്ള എളുപ്പത്തിനായി പഴ്സ് രൂപത്തിൽ മടക്കാവുന്ന തരം തുണി സഞ്ചികളാണ് പ്രധാനമായും നിർമ്മിക്കുന്നത്.

പൂർണമായും കോട്ടൻ തുണി ഉപയോഗിച്ചുള്ള നിർമ്മാണം മാത്രമാണ് യൂണിറ്റുകളിൽ നടക്കുന്നത്. അസംസ്കൃത വസ്തുവിന്റെ വിലക്കൂടുതൽ നിർമ്മാണത്തെ ബാധിക്കുമെങ്കിലും ഓർഡറനുസരിച്ച് പറയുന്ന എണ്ണം നിർമ്മിച്ചു നൽകുന്നുണ്ട്. പ്ളാസ്റ്റിക് ഉപയോഗിച്ചുള്ള ശീലം കാരണം ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന കവറുകളോടാണ് ഇപ്പോഴും പ്രിയം. 3- 5 രൂപവരെ വില വരുന്നവയാണ് ഇത്തരക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ വീണ്ടും ഉപയോഗിക്കാനും കഴുകി സൂക്ഷിക്കാനും കഴിയുന്ന തുണി സഞ്ചികളുടെ നിർമ്മാണമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന്10 മുതൽ 50 രൂപവരെ വിലവരും.

കമന്റ്

`നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ ഒന്നിച്ച് വാങ്ങുന്നതാണ് ലാഭകരം. അതിനാൽ വലിയ ഓർഡറുകളാണ് കൂടുതലും സ്വീകരിക്കുന്നത്. കുറച്ചെണ്ണം ആവശ്യപ്പെടുന്നവരും ഉള്ളതിനാൽ യൂണിറ്റുകളിൽ പലതിനെയും ക്ലസ്റ്ററുകളായി തിരിച്ചും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗുണമേന്മയ്‌ക്കാണ് പ്രാധാന്യം നൽകുന്നത് '.

കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ