കരുനാഗപ്പള്ളി: ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വിഷാംശം കലർന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിവന്ന പരിശോധനയുടെ ഭാഗമായാണ് വള്ളിക്കാവ് മാർക്കറ്റിൽ നിന്ന് വിഷാംശം കലർന്ന ചെമ്മീൻ കണ്ടെത്തിയത്. പത്ത് കിലോയോളം ചെമ്മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. കായംകുളത്തുള്ള കമ്മിഷൻ ഏജന്റിൽ നിന്നും വാങ്ങിയ മത്സ്യത്തിലാണ് ഫോർമാലിൽ കണ്ടെത്തിയത്. വള്ളിക്കാവിലെ മാർക്കറ്റിലെ മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ കലർന്നതായുള്ള നിരവധി പരാതികളും കഴിഞ്ഞ ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിന് ലഭിച്ചിരുന്നു. കരുനാഗപ്പള്ളി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ സജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.