കൊല്ലം: ജോലിക്ക് നിന്ന വീട്ടിലെ 40 പവനും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയായ ഹോം നഴ്സ് നിഷാദാസൻ പൊലീസിന്റെ പിടിയിലായത് ഇസ്രയേലിലേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെ. ഹോം നഴ്സ് വിസയിൽ ഈ മാസം അവസാനത്തോടെ പോകാനിരിക്കുകയായിരുന്നു നിഷ.
കാക്കത്തോപ്പ് കൊല്ലന്റഴികത്ത് ജോണി ബർണയുടെ വീട്ടിൽ നിന്ന് 40 പവനും മൊബൈലും കവർന്ന കേസിലാണ് മുണ്ടയ്ക്കൽ തെക്കുംഭാഗം ഗാർഫിൽ നഗർ ലെനിൻ വില്ലയിൽ നിഷാദാസൻ (33) പിടിയിലായത്. വീട്ടിൽ ജോർജ് ബർണയും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ മക്കൾ സിംഗപ്പൂരിലാണ്. വീട്ടിലെ അലമാരയിൽ പ്രത്യേക അറയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. 2017ൽ ബർണയുടെ മക്കൾ നാട്ടിൽ വന്നുപോയിരുന്നു. ഈ സമയത്താണ് അലമാരയിൽ 40 പവന്റെ ആഭരണങ്ങൾ തുണിയിൽ കെട്ടി സൂക്ഷിച്ചത്. ബർണയ്ക്കും ഭാര്യയ്ക്കും ഉപയോഗിക്കാനുള്ള സ്വർണം ആദ്യത്തെ അറയിലും ബാക്കിയുള്ളവ അകത്തെ അറയിലുമാണ് വച്ചിരുന്നത്. അകത്തെ അറയിലിരുന്ന സ്വർണമാണ് നിഷാദാസ് കവർന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ അറിഞ്ഞില്ല.രണ്ടാഴ്ച മുൻപ് മൊബൈൽ ഫോൺ മോഷണം പോയപ്പോഴാണ് ബർണ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസം മുതൽ നിഷ ജോലിക്ക് എത്തിയതുമില്ല.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നേരത്തേ മറ്റൊരു വീട്ടിൽ ജോലിക്ക് നിന്ന വേളയിൽ മോഷണം നടത്തിയതിന് നിഷാദാസൻ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ വിവരം അറിയാവുന്നതുകൊണ്ടുതന്നെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നിഷാദാസൻ ബർണയുടെ വീട്ടിൽ നിന്ന് 40 പവൻ കവർന്നതും വെളിപ്പെടുത്തിയത്.
പണയം വീണ്ടെടുക്കുന്നവർ
സ്വർണം കൊണ്ടുപോയി
മോഷ്ടിച്ച സ്വർണം തൊട്ടടുത്ത ദിവസം തന്നെ നിഷ ദാസൻ ഇരവിപുരത്തെ സഹ.ബാങ്കിൽ പണയം വച്ചു. അടുത്തിടെ പണയം വീണ്ടെടുക്കാൻ സഹായിക്കുന്നവരെ സമീപിച്ച് സ്വർണം വീണ്ടെടുത്ത് അവർക്ക് നൽകി. അവരിൽ നിന്നും 30000 രൂപ കൈപ്പറ്റുകയും ചെയ്തു. പത്രത്തിൽ കണ്ട നമ്പർ ഉപയോഗിച്ചാണ് പണയം വീണ്ടെടുപ്പുകാരെ ബന്ധപ്പെട്ടതെന്നാണ് നിഷയുടെ വെളിപ്പെടുത്തൽ. ഈ നമ്പർ കൈവശം ഇല്ലെന്നും നിഷ പറഞ്ഞു. പണയമെടുക്കാൻ സഹായിച്ചവരെ കണ്ടെത്തി സ്വർണം വീണ്ടെടുക്കാൻ ഉടൻ തന്നെ നിഷയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു.