കൊല്ലം: കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി ഇൻഫർമേഷൻ ടെക്നോളജി സെൽ ദേശീയ അദ്ധ്യക്ഷൻ അമിത് മാളവ്യ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയെക്കുറിച്ച് ഇന്ത്യ ഇൻ ദി ഫ്യൂച്ചർ കൊല്ലം ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തെ അനുകൂലിച്ചിരുന്നവർ നിലപാട് മാറ്റിയതിനു പിന്നിൽ ആസൂത്രിതമായ അജണ്ടയുണ്ട്. കേരളത്തിലെ ഇരു മുന്നണികളും ദേശവിരുദ്ധ, വിഘടനവാദ ശക്തികൾക്കായി ഒത്തുകൂടുന്നതിന് ഒരു ന്യായീകരണവുമില്ല. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ സുരേഷ്ബാബു, ഡോ.ബിജു, ഡോ.സാജൻ, ആർ.എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. പട്ടത്താനം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.