കൊല്ലം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന കേരള സർക്കാരിന്റെ നയം ഡൽഹിയിൽ പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന് സമാനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഇതിന് തെളിവാണ് ചിതറയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് അഴിച്ചുവിട്ട അക്രമണം. പൗരത്വ നിയമഭേദഗതിയെ പരസ്യമായി എതിർക്കുന്ന സിപിഎമ്മും സംസ്ഥാന സർക്കാരും അണിയറയിൽ ബി.ജെ.പിക്ക് പൗരത്വ നിയമഭേദഗതി പ്രചരിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി കൊടുക്കുകയാണ്.
പ്രതിഷേധ സമരങ്ങൾക്കെതിരെ രാജ്യത്ത് ഉടനീളം നടക്കുന്ന പൊലീസ് മർദ്ദനത്തിന് സമാനതകൾ ഏറെയാണ്. ഡൽഹിയിലും യു.പിയിലും കർണ്ണാടകത്തിലും പൊലീസ് സ്വീകരിച്ച നടപടികൾക്ക് സമാനമായ നടപടിയാണ് കേരളത്തിലും സ്വീകരിച്ചത്. നേതൃത്വം കൊടുക്കുന്ന നേതാക്കളെ തെരഞ്ഞുപിടിച്ച് മർദ്ദിച്ച് അവശരാക്കുന്ന നടപടിയാണ് രാജ്യത്ത് ഉടനീളം ബി.ജെ.പി സർക്കാരുകൾ നടത്തുന്നത്. ചിതറയിൽ അക്രമണത്തിൽ പരിക്കേറ്റ ചിതറ.എസ്. മുരളീധരൻ നായർ, റിയാസ്, പള്ളിക്കുന്നിൽ ഷാജി, കുറക്കോട് അഫ്‌സൽ, അയിരക്കുഴി ജയറാം, തലവരമ്പ് അൻസർ എന്നിവർ സമരം നയിച്ച നേതാക്കളാണ്. ബി.ജെ.പി സർക്കാരുകൾ ചെയ്യുന്നത് പോലെ കേരളത്തിലും പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ജാമ്യമില്ലാത്ത വകുപ്പുകൾ ഉൾപ്പെടുത്തി കേസുകൾ കുടുക്കുന്ന പൊലീസ് രാജ് കേരളത്തിലും നടപ്പാക്കുന്നുവെന്നാണ് ചിതറ സംഭവം വെളിപ്പെടുത്തുന്നത്. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുക എന്ന ഡൽഹിയിലേയും യു.പിയിലേയും കർണ്ണാടകത്തിലേയും പൊലീസിന്റെ നയവും കേരള പൊലീസിന്റെ നയവും തമ്മിൽ എന്ത് വ്യത്യാസമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമാധാനപരമായി പ്രതിഷേധം നടത്തിവരെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാത്മകമാണ്. ആക്രമണം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.