കൊല്ലം: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾക്ക് പാരിപ്പള്ളിയിൽ ഫെയർ സ്റ്റേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിൽ നിന്ന് തലസ്ഥാനത്തേക്കുള്ള പ്രവേശനകവാടമാണ് പാരിപ്പള്ളി. ജില്ലാ അതിർത്തിയിലെ വലിയ പട്ടണമായി ഇന്ന് പാരിപ്പള്ളി മാറുകയും ചെയ്തു. ഗവൺമെന്റ് മെഡിക്കൽ കോളേജ് കൂടി പ്രവർത്തനമാരംഭിച്ചതോടെ പാരിപ്പള്ളിയിലെത്തുന്ന യാത്രികരുടെ എണ്ണം ഇരട്ടിയിലേറെയായി. അധികവും ദീർഘദൂരത്ത് നിന്ന് വരുന്നവർ.
നിലവിൽ കൊല്ലത്ത് നിന്ന് ചാത്തന്നൂർ കഴിഞ്ഞാൽ ആറ്റിങ്ങലാണ് അടുത്ത ഫെയർ സ്റ്റേജ്. ഇതിനാൽ പാരിപ്പള്ളിയിൽ ഇറങ്ങേണ്ടവർ 20 കിലോമീറ്റർ അകലെ ആറ്റിങ്ങലിലേയ്ക്കുള്ള ടിക്കറ്റ് ചാർജ് കൊടുക്കണം. യാത്ര ചെയ്യാത്ത 20 കിലോമീറ്ററിന്റെ അധിക ചാർജ് കൂടി കെ.എസ്.ആർ.ടി.സിക്ക് നൽകി വേണം പാരിപ്പള്ളിയിൽ ഇറങ്ങാൻ. ആറ്റിങ്ങൽ നിന്ന് പാരിപ്പള്ളിയിൽ ഇറങ്ങേണ്ടവർ 12 കിലോമീറ്റർ അകലെ ചാത്തന്നൂരിലേയ്ക്കുള്ള ടിക്കറ്റാണ് എടുക്കേണ്ടി വരുന്നത്. കല്ലമ്പലത്ത് നിന്നോ നാവായിക്കുളത്ത് നിന്നോ പാരിപ്പള്ളിയിൽ ഇറങ്ങേണ്ടവർ ആറ്റിങ്ങൽ നിന്ന് ചാത്തന്നൂർ വരെയുള്ള ടിക്കറ്റാണ് എടുക്കേണ്ടി വരുന്നത്.
കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് സർവീസുകൾ ആരംഭിച്ച കാലം മുതലുള്ള യാത്രക്കാരുടെ ആവശ്യമാണ് പാരിപ്പള്ളിയിൽ ഫെയർസ്റ്റേജ് അനുവദിക്കണമെന്നത്. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും യാത്രക്കാരുടെ ആവശ്യം കെ.എസ്.ആർ.ടി.സി. പരിഗണിക്കാത്തതിനാൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇനിയും വൈകരുത്
സൂപ്പർഫാസ്റ്റ് ബസുകൾക്ക് പാരിപ്പള്ളിയിൽ ഫെയർസ്റ്റേജ് അനുവദിക്കാൻ ഇനിയും വൈകരുത്. ഇക്കാലയളവിനുള്ളിൽ യാത്ര ചെയ്യാത്ത ദൂരത്തിനും ചാർജ് ഈടാക്കിയ വകയിൽ യാത്രക്കാരിൽ നിന്ന് കോടികളാണ് കെ.എസ്.ആർ.ടി.സി കൈക്കലാക്കിയത്. ഈ രാപ്പകൽ പിടിച്ചുപറി ഇനിയെങ്കിലും അവസാനിപ്പിക്കാൻ ട്രാൻ. അധികൃതരും ജനപ്രതിനിധികളും മുന്നോട്ടു വരണം.
ആർ. പൃഥ്വിരാജ്, വ്യാപാരി, (രാജധാനി ഇലക്ട്രിക്കൽസ്), പാരിപ്പള്ളി.
പാരിപ്പള്ളി പ്രധാന ജംഗ്ഷൻ
മടത്തറ, പരവൂർ സംസ്ഥാന പാതകളും വർക്കല പാരിപ്പള്ളി സംസ്ഥാന പാതയും ദേശീയപാതയിൽ സംഗമിക്കുന്നത് പാരിപ്പള്ളിയിലാണ്. ലോകടൂറിസം ഭൂപടത്തിൽ ഇടം നേടിയ ചടയമംഗലം ജഡായു എർത്ത് സെന്ററിലേയ്ക്കും ശബരിമല, കൊട്ടാരക്കര, ആര്യങ്കാവ്, ശിവഗിരി, വർക്കല പാപനാശം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുമെല്ലാം പോകേണ്ടവരും പാരിപ്പള്ളി വഴിയുള്ള യാത്രയാണ് ആശ്രയിക്കുന്നത്. എൻജിനീയറിംഗ് കോളേജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും പാരിപ്പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.