photo
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതു പ്രകടനം

കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഹ്വാന പ്രകാരം ഇന്നലെ ദേശ വ്യാപകമായി നടത്തിയ പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണം. പണിമുടക്കിനെ തുടർന്ന് കരുനാഗപ്പള്ളിയുടെ സമസ്ത മേഖലകളും സ്തംഭിച്ചു. ടൗണിലെയും മാർക്കറ്റിലെയും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ് കിടന്നു. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ കോടതികൾ മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ. എന്നാൽ വാഹനസൗകര്യം ഇല്ലാത്തതിനാൽ കക്ഷികൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. സർക്കാർ ഓഫീസുകളിൽ ഹാജർനില പൊതുവേ കുറവായിരുന്നു. ചില ഓഫീസുകൾ തുറന്നതേയില്ല. സ്കൂളുകളും ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ടൗണിലെ ചില ന്യൂജനറേഷൻ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും സമരക്കാരെത്തി ബാങ്കുകൾ അടപ്പിച്ചു. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. ടൗണിലെ ഓട്ടോ റിക്ഷകളും ടാക്സി കാറുകളും പൂർണമായും പണിമുടക്കുമായി സഹകരിച്ചു. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. രാവിലെ കരുനാഗപ്പള്ളി ടൗൺ ക്ലബിന് മുൻ വശത്തു നിന്നും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, പി.കെ. ബാലചന്ദ്രൻ, നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, കടത്തൂർ മൺസൂർ, എൻ. അജയകുമാർ, കൈതവനത്തറ ശങ്കരൻകുട്ടി, എം.എസ്. ഷൗക്കത്ത്, കമറുദ്ദീൻ മുസലിയാർ, കരുമ്പാലിൽ സദാനന്ദൻ, റെജി ഫോട്ടോപാർക്ക്. ശാന്തകുമാർ, അനിരുദ്ധൻ, വി. ദിവാകരൻ, സൈനുദ്ദീൻ, കെ.പി. വിശ്വവത്സലൻ, സരസ്വതിഅമ്മ തുടങ്ങിയവർ പ്രസംഗിച്ചു.