കൊല്ലം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ നടത്തിയ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. ഐക്യദാർഢ്യം പ്രകടിപ്പിച്ച് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടതിനാൽ ജില്ലയിലെങ്ങും ഹർത്താൽ പ്രതീതി ആയിരുന്നു. പണിമുടക്കിയ തൊഴിലാളികൾ ചിന്നക്കടയിൽ പ്രകടനം നടത്തുന്നതിനിടെ എത്തിയ ഓട്ടോറിക്ഷ തടഞ്ഞ് നിറുത്തി കാറ്റൂരി വിട്ടു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. ചാത്തന്നൂരിൽ തുറന്ന് പ്രവർത്തിച്ച വനിതാ ഹോട്ടലിന് നേരെ പണിമുടക്ക് അനുകൂലികൾ ഉച്ചയോടെ ആക്രമണം നടത്തി. ചില കേന്ദ്രങ്ങളിൽ സ്വകാര്യ വാഹനങ്ങൾ തടയാൻ ശ്രമം നടന്നെങ്കിലും നേതാക്കൾ സംയമനം പാലിച്ച് പ്രവർത്തകരെ പിൻമാറ്റി. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഇന്നലെ രാവിലെ നിരത്തിലുണ്ടായിരുന്നത്.
വനിതാ ഹോട്ടൽ
അടിച്ചു തകർത്തു
കൊല്ലം: പണിമുടക്ക് അനുകൂലികൾ ചാത്തന്നൂർ ഊറാംവിളയിൽ വനിതാ ഹോട്ടൽ അടിച്ചു തകർത്തു. ഉച്ചയോടെ ആയിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് മണ‌്ഡലം ഭാരവാഹിയുടെ ഭാര്യയുടെ നേതൃത്വത്തിൽ നടത്തുന്ന ഹോട്ടലാണ് തകർത്തത്. പണിമുടക്കിനോട് അനുഭാവം പുലർത്തുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം സ്ഥാപനം തുറന്നു പ്രവർത്തിച്ചതാണ് പണിമുടക്ക് അനുകൂലികളെ പ്രകോപിപ്പിച്ചത്. ഉച്ചയൂണ് തുടങ്ങുന്ന സമയത്തായിരുന്നു ആക്രമണം. കട പൂർണ്ണമായും തകർന്ന നിലയിലാണ്.
കോടതികൾ പ്രവർത്തിച്ചു
പണിമുടക്ക് കോടതികളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചില്ല. സ്‌കൂളുകളിലും സർക്കാർ -സ്വകാര്യ മേഖലയിലെ ഓഫീസുകളിലും ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തിയില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസുകൾ നടത്താത്തതിനാൽ ട്രെയിൻ സർവീസുകളെയാണ് കൂടുതൽ യാത്രക്കാർ ആശ്രയിച്ചത്. ഓട്ടോ, ടാക്‌സി, മോട്ടോർ വാഹന തൊഴിലാളികൾ, ബാങ്ക്, ഇൻഷുറൻസ് മേഖലകളിലെ തൊഴിലാളികൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, കശുഅണ്ടി തൊഴിലാളികൾ തുടങ്ങിയവരും പണിമുടക്കിൽ പങ്കാളികളായി. ചവറ കെ.എം.എം.എൽ, ഐ.ആർ.ഇ എന്നിവയുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചു. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളും അനുബന്ധ ജീവനക്കാരും പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനാൽ ജില്ലയിലെ മത്സ്യബന്ധന മേഖലയും നിശ്ചലമായി. നീണ്ടകര തുറമുഖം, വാടി മത്സ്യബന്ധന തുറമുഖം എന്നിവിടങ്ങൾ വിജനമായിരുന്നു. അനിഷ്‌ട സംഭവങ്ങളെ നേരിടാൻ കൂടുതൽ പൊലീസ് സാനിധ്യം നിരത്തുകളിൽ ഉറപ്പ് വരുത്തിയിരുന്നു.
വൈകുന്നേരത്തോടെ നിരത്തുകൾ സജീവമായി തുടങ്ങി. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടർ ഉൾപ്പടെയുള്ള ഓട്ടോ സ്റ്റാൻഡുകളിൽ വൈകിട്ട് യാത്രക്കാരുമായി പോകാൻ തൊഴിലാളികൾ തയ്യാറായി. കൂടുതൽ വ്യാപാര സ്ഥാപനങ്ങളും വൈകിട്ടോടെ തുറന്ന് പ്രവർത്തിച്ചു.
കുറഞ്ഞ കൂലി പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖലയുടെ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക, തൊഴിൽ നിയമങ്ങൾ തൊഴിലാളി വിരുദ്ധമായി ഭേദഗതി ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിയ തൊഴിലാളികൾ പ്രധാനമായും ഉന്നയിച്ചത്. ശബരിമല തീർത്ഥാടകരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. പണിമുടക്കിയ തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി.