samara-samithi-charcha
വിജയൻപിള്ള എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചിറ്റൂർ സമര സമിതി നേതാക്കളുമായി കളക്ടർ നടത്തിയ ചർച്ച

ചവറ: കെ.എം.എം.എല്ലിന്റെ പ്രവർത്തനം മൂലം മലിനമായ പന്മന ചിറ്റൂർ മേഖലയിലെ അമ്പത് ഏക്കർ ഉടൻ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അബ്ദുൽ നാസർ അറിയിച്ചു. ആദ്യഘട്ടമായി ഇത്രയും ഏറ്റെടുക്കുന്നതിന് 200 കോടി രൂപ സർക്കാർ അനുവദിക്കുമെന്നും റവന്യൂ ഡിപ്പാർട്ട്മെന്റ് പ്രത്യേക സർവേ ഉടൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാക്ടറിയിലെ വിഷമാലിന്യം വന്നടിഞ്ഞ് വാസയോഗ്യമല്ലാതായ ഭൂമി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട്

160 ദിവസത്തിലധികമായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കെ.എം.എം.എൽ ഫാക്ടറി പടിക്കൽ സമരം നടക്കുകയാണ്.

വ്യവസായ മന്ത്രിയുടെ നിർദ്ദേശാനുസരണം വിജയൻപിള്ള എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ വച്ചാണ് സമരസമിതി നേതാക്കളുമായി ജില്ലാ കളക്ടർ ചർച്ച നടത്തിയത്. സർക്കാരിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. സർവേ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി വീണ്ടും ചർച്ച നടത്തും. കെ.എം.എം.എൽ കമ്പനിയുടെ പ്രവർത്തനം മൂലം മലിനീകരിക്കപ്പെട്ട കളരി, പന്മന പ്രദേശങ്ങളിലെ 50 ഏക്കറോളം സ്ഥലം കെ.എം.എം.എൽ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ആ പ്രദേശം കെ.എം.എം.എല്ലിനെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം പരിഗണിക്കാമെന്ന് എം.എൽ.എയും കളക്ടറും അറിയിച്ചു. സമരം പിൻവലിക്കുന്ന കാര്യം ജനങ്ങളുമായി ആലോചിച്ച് യോഗം കൂടി തീരുമാനിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.