പുനലൂർ: ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്ക് പുനലൂർ പട്ടണത്തിന് പുറമേ ഗ്രാമപ്രദേശങ്ങളെയും നിശ്ചലമാക്കി. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമെ കരവാളൂർ, തെന്മല, ആര്യങ്കാവ് തുടങ്ങിയ പഞ്ചായത്തുകളിലും പണിമുടക്ക് പൂർണമായിരുന്നു. ഇരു ചക്രവാഹനങ്ങൾ അടക്കം നിരത്തിൽ ഇറങ്ങിയില്ല. പുനലൂർ, ആര്യങ്കാവ് കെ.എസ്.ആർ.ടി. ബസ് ഡിപ്പോയിൽ നിന്നുളള സർവീസുകൾ പൂർണ്ണമായും നിറുത്തിവച്ചു.
ട്രെയിൻ മാഗം പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശബരിമല തീർത്ഥാടകർക്കായി പുനലൂർ ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് നടത്തിയ സർവീസ് മാത്രമാണ് നടന്നത്. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകൾക്ക് പുറമ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തുറന്ന് പ്രവർത്തിച്ചില്ല.
തോട്ടം മേഖലയിലും പണിമുടക്ക് പൂർണ്ണമായിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുനലൂർ ടൗണിൽ ഐക്യ ട്രേഡ് യുണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റിയ ശേഷം ടി.ബി ജംഗ്ഷനിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, യു.ഡി.എഫ് പുനലൂർ നിയോജക മണ്ഡലം ചെയർമാൻ എ.എ. ബഷീർ, എ.ആർ. മുഹമ്മദ് അജ്മൽ, കെ. രാധാകൃഷ്ണൻ, എം..എ. രാജഗോപാൽ, ടൈറ്റസ് സെബാസ്റ്റ്യൻ, സുരേഷ്‌കുമാർ ബാബു, ജെ. ഡേവിഡ്, ഇ.കെ. റോസ് ചന്ദ്രൻ, വി.പി. ഉണ്ണികൃഷ്ണൻ, എസ്.ഇ. സഞജ്ഖാൻ, വി.എസ്. പ്രവീൺകുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.