തഴവ: തഴവ വട്ടക്കായലിൽ ടി.എസ് കനാലിന് ഇരുവശവുമായി അറുന്നൂറിൽപ്പരം ഏക്കറിൽ കൃഷിയിറക്കിയ കർഷകർ തൊടിയൂർ പാലത്തിന് തെക്കുവശത്തെ അശാസ്ത്രീയ തടയണ നിർമ്മാണം മൂലം ഭീതിയിൽ. തരിശുനിലം കൃഷിയോഗ്യമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി രണ്ട് വർഷം മുൻപാണ് പാവുമ്പാപാലം മുതൽ തൊടിയൂർ പാലം വരെ നാലരക്കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വട്ടക്കായൽ കൃഷിക്കായി തിരഞ്ഞെടുത്തത്. ചെളിയെടുപ്പും, മാലിന്യ നിക്ഷേപവും മൂലം ഉപയോഗശൂന്യമായിക്കിടന്ന വട്ടക്കായൽ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൃഷിയോഗ്യമാക്കി മാറ്റിയത്. ടി.എസ് കനാൽ പള്ളിക്കലാറുമായി സംഗമിക്കുന്ന തൊടിയൂർ പാലത്തിന് തെക്കുവശത്ത് അശാസ്ത്രീയമായ രീതിയിൽ തടയണ നിർമ്മിച്ചതോടെ വട്ടക്കായലിൽ നിന്നുള്ള നീരൊഴുക്ക് പൂർണമായും നിലച്ച അവസ്ഥയാണ്. ഇതിന് പുറമേ മഴക്കാലത്ത് ടി.എസ് കനാൽ കരകവിഞ്ഞൊഴുകി കൃഷിയും സമീപ പ്രദേശത്തെ വീടുകളും വെള്ളക്കെട്ടിലാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അശാസ്ത്രീയമായി നിർമ്മിച്ച തടയണകൾ പൊളിച്ച് നീക്കി വട്ടക്കായലിലെ നിരൊഴുക്ക് സുഗമമാക്കണം. കഷകരുടെ ആശങ്കയ്ക്ക് ഉടൻ പരിഹാരമുണ്ടാക്കണം.
പാവുമ്പാ സുനിൽ (ഗ്രാമ പഞ്ചായത്ത് അംഗം)
കർഷകർ ഭീതിയിൽ
തഴവ ഗ്രാമ പഞ്ചായത്ത്, ഹരിത കേരളാ മിഷൻ, ഓണാട്ടുകര വികസന ഏജൻസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ കർഷകരെ സഹകരിപ്പിച്ച് കൃഷിയിറക്കുകയും ശരാശരി എണ്ണായിരം ക്വിന്റൽ വീതം നെല്ല് ഇവിടെ നിന്നും വിളവെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം കൃഷിയിറക്കുന്നതിനായി കഴിഞ്ഞ നാൽപ്പത്തിരണ്ട് ദിവസമായി വട്ടക്കായലിലെ വെള്ളം കൂറ്റൻ പമ്പുകൾ ഉപയോഗിച്ച് പള്ളിക്കലാറ്റിലേക്ക് ഒഴുക്കിവിടുകയാണ്. ജലനിരപ്പിൽ കൃത്യത വരുത്തി കൃഷിയിറക്കിയാലും വേനൽമഴ ചതിച്ചാൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുമെന്ന് കർഷകർ പറയുന്നു.
കളക്ടറുടെ ഉറപ്പ്അശാസ്ത്രീയമായി നിർമ്മിച്ച തടയണ പൊളിച്ച് നീക്കുമെന്ന് ജില്ലാ കളക്ടർ കർഷകർക്ക് ഉറപ്പ് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.