beena
ലൈസൻസ്ഡ് കോൺട്രാക്റ്റേഴ്സ് അൻഡ് സൂപ്പർവൈസേഴ് ഫെഡറേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് ബീനയ്ക്ക് ചികിത്സാ സഹായധനം കൈമാറുന്നു

തൊടിയൂർ: തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച കല്ലേലിഭാഗം താച്ചയിൽ തെക്കതിൽ ബീനയ്ക്ക് സഹായങ്ങൾ എത്തിത്തുടങ്ങി. മൂന്നും ഒന്നരയും വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളുടെ അമ്മയായ 29 കാരിയുടെ ദയനീയാവസ്ഥയെക്കുറിച്ച് ഇന്നലെ 'കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് ബഷീർ അഹമ്മദ്, സെക്രട്ടറി വി. ബിനുലാൽ, ട്രഷറർ എൻ. ബിനു എന്നിവർ ഇന്നലെ രാവിലെ ബീനയുടെ വാടക വീട്ടിലെത്തി ജില്ലാ വൈസ് പ്രസിഡന്റ്
എസ്.ബി. ബിനുവിന്റെ സാന്നിദ്ധ്യത്തിൽ പതിനായിരം രൂപ കൈമാറി. ബീനയുടെ ചികിത്സാ സഹായ സമിതി ചെയർമാൻ പി. സുഭാഷ്, കൺവീനർ ആർ. ബിനു എന്നിവരും പങ്കെടുത്തു.
ലെൻസ് ഫെഡ് സ്ഥാപക പ്രസിഡന്റ് ബാലന്റ സ്മരണാർത്ഥമാണ് സഹായധനം നൽകിയത്.
മറ്റു ചില സഹായങ്ങളും ഇന്നലെ ബീനയ്ക്ക് ലഭിച്ചു. നിരവധിപേർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ബീനയുടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാൻ ആദ്യ ശസ്ത്രക്രിയ നടത്തിയത് ഒന്നര വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു. പിന്നീട് വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും വലതുകാലിന്
സ്വാധീനം കുറയുകയും ചെയ്തു. ഇപ്പോൾ ഇടത് കണ്ണിന്റെ കാഴ്ചയും മങ്ങിത്തുടങ്ങിയിരിക്കുകയാണ്.
മധുര അരവിന്ദ് കണ്ണാശുപത്രിയിലും ചികിത്സ നടത്തി വരുകയാണ്.
ട്യൂമർ പിന്നെയും വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്.