srreekala
ശ്രീകല തന്റെ വീടിന് മുന്നിൽ

കൊട്ടിയം: പണിപൂർത്തിയാക്കാൻ സാധിക്കാത്ത വീടിന് മുന്നിൽ സഹായത്തിനായി കഴിഞ്ഞ പത്ത് വർഷമായി കാത്തിരിക്കുകയാണ് പേരയം ഉമയനല്ലൂർ മിനി കോളനി രമ്യ ഭവനിൽ ഭിന്നശേഷിക്കാരിയായ എസ്. ശ്രീകല. അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.

മുഖത്തല ബ്ളോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇന്ദിര ആവാസ് യോജനയിൽ ഉൾപ്പെടുത്തി 2010ലാണ് ശ്രീകലയ്ക്ക് മൂന്ന് സെന്റ് വസ്തുവും വീടും അനുവദിച്ചത്. എന്നാൽ സ്വന്തമായി വരുമാനമില്ലാത്തതിനാൽ വീട് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. വീട്ടിൽ കക്കൂസ്, കുളിമുറി, കുടിവെള്ളം, കറണ്ട് എന്നിവയില്ല. മുന്നിലത്തെ ഭിത്തി മാത്രമാണ് ആകെ പൂശിയിട്ടുള്ളത്. ജനലുകൾക്ക് പാളികളുമില്ല. പ്രാഥമിക ആവശ്യത്തിന് പോലും സൗകര്യമില്ലാത്ത വീട്ടിൽ താമസിക്കാനാകാതെ സമീപവാസികളുടെ വീടുകളിലാണ് ശ്രീകല ഇപ്പോൾ അഭയം തേടിയിരിക്കുന്നത്.

മൂന്നര വയസിൽ പോളിയോ വന്ന് കാല് തളർന്നതോടെയാണ് ശ്രീകല ജീവിതത്തിൽ തിരിച്ചടികൾ നേരിടാൻ തുടങ്ങിയത്. മാതാപിതാക്കൾ മരണപ്പെട്ടതോടെ ആരുടെയും തുണയില്ലാതെ ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണ് അവിവാഹിതയായ ഈ യുവതി. വലതുകാലിന് നിശേഷം സ്വാധീനമില്ല. എങ്കിലും സമീപവാസികളുടെ സഹായത്തോടെ ആൾപ്പാർപ്പില്ലാതെ കാടുകയറി നശിക്കുന്ന വീടുകാണാൻ ശ്രീകല എന്നുമെത്തും.

വികലാംഗ പെൻഷൻ മാത്രമാണ് ആകെയുള്ള വരുമാനം. ഇതാകട്ടെ ആഹാരത്തിന് പോലും തികയാറില്ല. ഐ.ടി.ഐയിൽ രണ്ട് വർഷത്തെ കോഴ്സ് പഠിച്ചിട്ടുണ്ടെങ്കിലും എവിടെയും ജോലി ലഭിച്ചതുമില്ല. എസ്.ബി.ഐ കണ്ണനല്ലൂർ ബ്രാഞ്ചിൽ ശ്രീകലയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 31280318726, ഐ.എഫ്.എസ് കോഡ്: SBIN0012316.