ഓച്ചിറ: പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജരേഖ ചമച്ചതിന് ജീവനക്കാരൻ സസ്പെൻഷനിലായ സംഭവത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ പരസ്പരം കുറ്റപ്പെടുത്തി രംഗത്ത് എത്തി.
സസ്പെൻഷനിലായ ഫുൾ ടൈം സ്വീപ്പർ വി. വിനോദിനെ വ്യാജ പരാതി നൽകി വഞ്ചിച്ചതാണെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശാനുസരണമാണ് നോട്ടീസ് നൽകിയതെന്നും എൽ.ഡി.എഫ് അംഗങ്ങളായ എലമ്പലടത്ത് രാധാകൃഷ്ണൻ, ആർ.ഡി. പത്മകുമാർ, റസിയാ സാദിഖ്, എൽ. സുകുമാരി എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പ്രസിഡന്റിനെതിരെയും പക്ഷപാതപരമായി സസ്പെൻഷൻ ഉത്തരവിറക്കിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. എൻ.ജി.ഒ യൂണിയൻ കരുനാഗപ്പള്ളി താലൂക്ക് ജോയിന്റ് സെക്രട്ടറിയാണ് സസ്പെൻഷനിലായ വിനോദ്. എന്നാൽ വ്യാജരേഖ ചമച്ചതിന്റെ പേരിൽ പഞ്ചായത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണന്നും തങ്ങൾക്ക് യാതൊരു പങ്കുമില്ലന്നും യു.ഡി.എഫ് അംഗങ്ങളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേഷ്, വൈസ് പ്രസിഡന്റ് ലത്തീഫാ ബീവി, അയ്യാണിക്കൽ മജീദ്, മഹിളാമണി എന്നിവർ പത്രസമ്മേളനം നടത്തി പറഞ്ഞു.
വയനകം അക്ഷയം വീട്ടിൽ സോമന്റെ സഹോദരി റോഡ് കയ്യേറിയെന്നാരോപിച്ച് വിനോദ് നോട്ടീസ് നൽകിയിരുന്നു. മറുപടിയുമായി പഞ്ചായത്താഫീസിൽ എത്തിയപ്പോഴാണ് നോട്ടിസ് വ്യാജമാണെന്നും പഞ്ചായത്തിൽനിന്ന് നോട്ടീസ് നൽകിയിട്ടില്ലെന്നും അറിയുന്നത്. തുടർന്ന് വീട്ടുകാർ വിനോദിനെതിരെ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകുകയായിരുന്നു.
കരുനാഗപ്പള്ളി പെർഫോമൻസ് ആഡിറ്റ് ഓഫീസർ പരാതിക്കാരന്റെയും ഓച്ചിറ ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെയും മൊഴിയെടുത്തശേഷം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
പരാതിക്കാരന്റെ സഹോദരിയുടെ സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും വിനോദ് പഞ്ചായത്തിന്റെ ലെറ്റർ പാഡും ഓഫീസ് സീലും സെക്രട്ടറിയുടെ സീലും ദുരുപയോഗം ചെയ്തെന്ന് ബോദ്ധ്യമായതിനെതുടർന്നായിരുന്നു സസ്പെൻഷൻ.