കൊല്ലം: നിലവിലുള്ള വി. എച്ച്. എസ്.സി കോഴ്‌സുകൾക്ക് സമാനമായി എൻ. എസ്. ക്യൂ. എഫ് കോഴ്‌സുകൾ ഇല്ലാത്ത സ്‌കൂളുകളിൽ കോഴ്‌സുകൾ പുന:സംഘടിപ്പിച്ച് വൊക്കേഷണൽ ഇൻസ്ട്രക്ടർമാർക്ക് ട്രെയിനിംഗ് നൽകി നിലനിർത്തണമെന്ന് വൊക്കേഷണൽ ഹയർസെക്കന്ററി ഇൻസ്ട്രക്‌ടേഴ്‌സ് യൂണിയൻ കൊല്ലം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
22 വർഷം സർവീസ് പൂർത്തിയാക്കുന്നവർക്ക് ഹയർ ഗ്രേഡ് ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കൊട്ടാരക്കര എൻ.എസ്.എസ് ഹാളിൽ നടന്ന ജില്ലാ സമ്മേളനം അഡ്വ. പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സക്കറിയ മാത്യു നല്ലില അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എച്ച്.എസ്.സി കൊല്ലം അസിസ്റ്റന്റ് ഡയറക്ടർ കുര്യൻ എ. ജോൺ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ ജനറൽ സെക്രട്ടറി ഷാലു ജോൺ കോഴ്സ് പരിഷ്കരണം സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി. വിരമിച്ചവർക്ക് യാത്ര അയപ്പ് നൽകി. വിവിധ മേഖലകളിൽ അവാർഡ് ലഭിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു.പുതിയ ഭാരവാഹികളായി സക്കറിയ മാത്യു നല്ലില (ജില്ലാ പ്രസിഡന്റ്), ടി.എൽ ഗണേശ്കുമാർ (ജില്ലാ സെക്രട്ടറി), അഭിലാഷ്‌കുമാർ (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.