നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാകുന്നു
പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ കിഫ്ബി പദ്ധതിയനുസരിച്ച് നടന്നുവരുകയായിരുന്ന കടപുഴ വളഞ്ഞ് വരമ്പ് കാരാളിമുക്ക് റോഡിന്റെ നവീകരണം പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മാസങ്ങളായി അധികൃതർ റോഡിന്റെ നവീകരണം നിറുത്തി വച്ചിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 40 വർഷത്തിലധികം കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റുന്നില്ലെന്ന കാരണം പറഞ്ഞാണ് റോഡിന്റെ നവീകരണം നിറുത്തിയത്. കാരാളിമുക്ക് മുതൽ തോപ്പിൽ കടവ് വരെയുള്ള മൂന്നര കിലോമീറ്ററിൽ ദൂരത്തിലെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ റോഡ് പണി തുടങ്ങാൻ യാതൊരു തടസവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലടയാറിന് സമാന്തരമായി കടന്നു പോകുന്ന തോപ്പിൽ കടവ് മുതൽ ഉള്ളുരുപ്പ് ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടത്. ഇവിടെ അടിയന്തരമായി പാർശ്വഭിത്തി നിർമിക്കേണ്ടതുണ്ട്. ശാസ്താംകോട്ട വാട്ടർ അതോറിറ്റി വിഭാഗം ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ തുടർ നടപടികൾ ഇതുവരെ എങ്ങുമെത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.
കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ റോഡിന്റെ ദൂരം 9 കിലോമീറ്റർ
റോഡിന്റെ ടെൻഡർ കാലാവധി
ഈ വർഷം ജൂലായ് മാസത്തോടുകൂടി ഈ റോഡിന്റെ ടെൻഡർ കാലാവധി അവസാനിക്കുകയാണ്. ഈ വേനൽക്കാലത്ത് റോഡിന്റെ പണി പൂർത്തീകരിക്കാതെ മഴക്കാലത്ത് പണി ചെയ്യുന്നത് റോഡിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും. വർഷങ്ങൾക്ക് മുമ്പ് മാത്രം ടാർ ചെയ്ത ഈ റോഡിലൂടെയുള്ള വാഹനയാത്ര വളരെ ദുഷ്കരമാണ്. എത്രയും വേഗം റോഡിന്റെ പണി പുനരാരംഭിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.