കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാസ്ത്രമേളയായ സിദ്ധാർത്ഥ സയൻസ് ഫെസ്റ്റ് ഇന്ന് മുതൽ 11വരെ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടക്കും. യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയും സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ പൂർവ വിദ്യാർത്ഥിനിയുമായ സി.വിഷ്ണുപ്രിയ ഇന്ന് രാവിലെ 10.30ന് ശാസ്ത്രമേളയ്ക്ക് ഭദ്രദീപം കൊളുത്തും. 2500ൽഅധികം പ്രദർശന സാമഗ്രകളുമായി 600 ഓളം യു.പി, എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുക്കും. മൂന്ന് വിഭാഗങ്ങളിലായി 15 ഇനങ്ങളിൽ പ്രദർശനവും മത്സരവും നടക്കും. പി.ടി.എ നടത്തുന്ന സർപ്രൈസ് ചോദ്യങ്ങളും അവയ്ക്കുള്ള സമ്മാനങ്ങളും ഓരോ മണിക്കൂർ ഇടവിട്ട് 18 തവണ നൽകും. സിമ്പിൾ എക്സ്‌പിരിമെന്റ്, വർക്കിങ് മോഡൽ, സ്റ്റിൽ മോഡൽസ് എന്നിവ ശാസ്ത്ര, സോഷ്യൽ സയൻസ്, മാത്‍സ് വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകമായി നടത്തും. മെഡിക്കൽ കോളേജ്, വനംവകുപ്പ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയുടെ സ്റ്റാളുകളും 12D സിനിമാ ഷോയും വാന നിരീക്ഷണവും സംഘടിപ്പിച്ചട്ടുണ്ട്.
11ന് 3.30ന് നടക്കുന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദീൻ ഉദ്‌ഘാടനം ചെയ്യും. ഐ.എസ് .ആർ. ഒയിലെ സീനിയർ സയന്റിസ്റ്റ് അനീഷ് ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9496537199, 9447092287 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.