varkala-tunnel

കൊല്ലം: കൊല്ലം മുതൽ തൃശൂർ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാതയുടെ തുടർച്ചയായ കൊല്ലം അഷ്ടമുടിക്കായൽ - കോവളം സംസ്ഥാന ജലപാത മേയിൽ യാഥാർത്ഥ്യമാവും. പരീക്ഷണാർത്ഥം ടൂറിസ്റ്റ് ബോട്ട് ഓടിക്കാൻ കഴിയും വിധം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുർഘടമായ വർക്കല തുരപ്പിന്റെ നവീകരണം അവസാന ഘട്ടത്തിലാണ്. അഷ്ടമുടിക്കായലിനെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്ന 7.9 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം തോട്, കോവളത്തെയും ആക്കുളം കായലിനെയും ബന്ധിപ്പിക്കുന്ന 16.50 കിലോമീറ്റർ ദൈർഘ്യമുള്ള പാർവതി പുത്തനാറ് എന്നിവയുടെ നവീകരണവും അവസാന ഘട്ടത്തിലാണ്. പാർവതി പുത്തനാറിന്റെ കോവളം ഭാഗത്തെ രണ്ട് കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാകാനുള്ളത്. ഈ ഭാഗംകൂടി നവീകരിച്ചാൽ കോവളം വരെ ബോട്ട് ഓടാനുള്ള ജലപാത സുഗമമാകും.

വർക്കല തുരപ്പ്

വർക്കല തുരപ്പിന്റെ ആകെ ദൈർഘ്യം 1.1 കിലോമീറ്റർ. ഇതിൽ ചിലക്കൂർ വള്ളക്കടവിലെ ചെറിയ തുരപ്പിന്റെ നവീകരണം പൂർത്തിയാകാറായി. ശിവഗിരിയിലെ വലിയ തുരപ്പിന്റെ നവീകരണം ഉടനെ തുടങ്ങും. കൊങ്കൺ റെയിൽപ്പാതയിലെ തുരങ്കങ്ങൾ നിർമ്മിച്ച മുംബെയിൽ നിന്നുള്ള തൊഴിലാളികളാണ് ഈ ജോലിചെയ്യുന്നത്. ഉള്ളിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. 1876ൽ ബ്രിട്ടീഷുകാർ 14 വർഷം എടുത്ത് നിർമ്മിച്ച തുരപ്പിന്റെ ഉൾഭാഗത്ത് യാതൊരു തകരാറും ഇല്ലെന്നാണ് നവീകരണത്തിന് നേതൃത്വം നൽകുന്ന ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുരങ്കത്തിനുള്ളിലൂടെ ബോട്ടിൽ സഞ്ചരിച്ചിരുന്നു.

നവീകരണത്തിന് 80 കോടി
ജലഗതാഗതവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിടുന്ന കൊല്ലം- കോവളം ജലപാത 80 കോടിരൂപ ചെലവിലാണ് നവീകരിക്കുന്നത്. പാതയിലെ തടസ്സം നീക്കി ആഴവും വീതിയും കൂട്ടി പാർശ്വഭിത്തി കെട്ടുന്ന ജോലിയാണ് നടക്കുന്നത്.

വെസ്റ്റ് കോസ്റ്റ് കനാൽ

കോവളം മുതൽ കാസർകോട് ബേക്കൽ വരെ 621 കിലോമീറ്റർ. ഈ ജലപാതയുടെ ഭാഗമായി ദേശീയ, സംസ്ഥാന ജലപാതകൾ വരും. 3000 കോടി ചെലവിൽ മൂന്ന് ഘട്ടമായി നവീകരിക്കുക ലക്ഷ്യം. ആദ്യ ഘട്ട നവീകരണം ഈ വർഷം പൂർത്തിയാക്കും. പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ തെക്ക് - വടക്ക് അന്തരീക്ഷ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. ചരക്ക് ഗതാഗതവും എളുപ്പമാവും.

ദേശീയ ജലപാത

കൊല്ലം മുതൽ തൃശൂർ കോട്ടപ്പുറം വരെ 168 കിലോമീറ്റർ. ഇതിന്റെ നവീകരണം പൂർത്തിയായി. കോട്ടപ്പുറം- കോഴിക്കോട് -165 കിലോമീറ്റർ- അടുത്തിടെ ഇതും ദേശീയ ജലപാതയായി പ്രഖ്യാപിച്ചു. നവീകരണം തുടങ്ങിയിട്ടില്ല. ദേശീയ ജലപാത അതോറിട്ടിയാണ് നവീകരണം നിർവഹിക്കുന്നത്.

സംസ്ഥാന ജലപാത

കൊല്ലം മുതൽ കോവളം വരെ-74.18 കിലോമീറ്റർ. കോഴിക്കോട് - ബേക്കൽ വരെ- 214 കിലോമീറ്റർ. ഇതിന്റെ നവീകരണം പുരോഗമിക്കുന്നു. സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പാണ് നവീകരണം നിർവഹിക്കുന്നത്.

'ദേശീയ ജലപാതയുടെ രണ്ടാംഘട്ട വികസനം (കോട്ടപ്പുറം- കോഴിക്കോട് ) 2020- 22 ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ജലപാതവഴിയുള്ള ചരക്ക് ഗതാഗതം അതിനു ശേഷമേ പൂർണ തോതിൽ ആരംഭിക്കുകയുള്ളു'

എസ്. സുരേഷ് കുമാർ,

ചീഫ് എൻജിനിയർ, ഉൾനാടൻ ജലഗതാഗത വകുപ്പ്

.