v
കൂട്ടിക്കട

 ആർ.ബി.ഡി.സി.കെ വിശദ രൂപരേഖ കിഫ്ബിയ്ക്ക് സമർപ്പിച്ചു

കൊല്ലം: കൂട്ടിക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാനായി റെയിൽവേ മേല്പാലം നിർമ്മിക്കുന്നതിനുള്ള വിശദരൂപരേഖ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ) കിഫ്ബിക്ക് സമർപ്പിച്ചു. തട്ടാമല റോഡിൽ നിന്നാരംഭിച്ച് വാളത്തുംഗൽ റോഡിൽ അവസാനിക്കുന്ന മേല്പാലത്തിന്റെ സ്ഥലമേറ്റെടുപ്പിനടക്കം 52 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ഗേറ്റിൽ നിന്ന് തട്ടാമല റോഡിലേക്ക് മാറിയാണ് പാലം റെയിൽ പാളം മുറിച്ച് കടക്കുന്നത്. അപ്രോച്ച് റോഡ് സഹിതം പാലത്തിന് 460 മീറ്റർ നീളമുണ്ടാകും. പാലത്തിന് മാത്രം 340 മീറ്റർ നീളമുണ്ടാകും. പത്തര മീറ്റർ വീതിയുള്ള പാലത്തിന്റെ ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും മറ്റ് റോഡുകളിലേക്ക് വാഹനങ്ങൾക്ക് പോകാനും വരാനും സൗകര്യം ലഭിക്കത്തക്ക വിധം യു ടേൺ സൗകര്യം ഒരുക്കും. കിഫ്ബി രൂപരേഖയിൽ മാറ്റങ്ങൾ നിർദ്ദേശിച്ചില്ലെങ്കിൽ നിർമ്മാണത്തിനുള്ള നടപടികളിലേക്ക് കടക്കും.

ചെലവ്: 55 കോടി

നീളം:460 മീറ്റർ (അപ്രോച്ച് റോഡ് സഹിതം)

വീതി: 10.5 മീറ്റർ

റെയിൽവെ ലെവൽ ക്രോസ്

മയ്യനാട്, വാളത്തുംഗൽ,​ തട്ടാമല, ആലുംമൂട് എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ വന്നുചേരുന്ന കൂട്ടിക്കടയുടെ ഹൃദയഭാഗത്താണ് റെയിൽവെ ലെവൽ ക്രോസ് സ്ഥിതി ചെയ്യുന്നത്. ട്രെയിനുകൾ കടന്നുപോകുമ്പോൾ ജംഗ്ഷനിലെ ലെവൽ ക്രോസിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും. അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകാനിറങ്ങുന്നവരെല്ലാം ഈ ഗേറ്റിന് മുന്നിൽ കുടുങ്ങുന്നത് പതിവ് സംഭവമാണ്. അത്യാസന്ന നിലയിലുള്ളവരെ തലയിൽ ചുമന്ന് ഗേറ്റ് കടത്തുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇങ്ങനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ നിരവധിയാളുകളാണ് മരണമടഞ്ഞിട്ടുള്ളത്.

രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് ഇതുവഴി ഏറ്റവുമധികം ട്രെയിനുകൾ കടന്നുപോകുന്നത്. ഈ സമയത്ത് കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി കടന്നുപോകാനാകില്ല.
ഒരു ട്രെയിൻ കടന്നുപോയി ഗേറ്റ് തുറന്നാലും ക്യൂവിലുള്ള എല്ലാ വാഹനങ്ങൾക്കും ലവൽ ക്രോസ് കടക്കാനാകില്ല. അതിന് മുമ്പേ അടുത്ത ട്രെയിൻ കടന്നുപോകാനായി വീണ്ടും അടയ്ക്കും. മേല്പാലം യാഥാർത്ഥ്യമായാലേ കൂട്ടിക്കട കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവുകയുള്ളു.