photo-2
കൊല്ലം തോടിന്റെ വികസനത്തിനായി മണ്ണ് നീക്കം ചെയ്യുന്നു

കൊല്ലം തോട് ദൈർഘ്യം:

അഷ്ടമുടിക്കായൽ മുതൽ

പരവൂർ കായൽവരെ

7.9 കിലോ മീറ്റർ

പരീക്ഷണ സർവീസ് :

അഷ്ടമുടിക്കായൽ മുതൽ ജലകേളീകേന്ദ്രം വരെ

കൊല്ലം: ഇഴഞ്ഞു നീങ്ങുന്ന കൊല്ലം തോടിന്റെ നവീകരണം ഒരു കരയെത്തുന്നു. കൊല്ലം ബീച്ചിന് സമീപം ജലകേളീകേന്ദ്രം മുതൽ അഷ്ടമുടിക്കായൽ വരെയുള്ള ഭാഗത്തിന്റെ കമ്മിഷനിംഗ് ഉടനെ നടക്കും. അഷ്ടമുടിക്കായൽ മുതൽ പരവൂർ കായൽ വരെ 7.9 കിലോമീറ്ററാണ് കൊല്ലം തോടിന്റെ ദൈർഘ്യം. ജലകേളീകേന്ദ്രം മുതൽ പരവൂർ കായൽ വരെയുള്ള ഭാഗത്തിന്റെ നവീകരണം വിവിധ ഘട്ടങ്ങളിലാണ്. മേയ്‌മാസത്തോടെ ഈ ഭാഗത്തിന്റെയും നവീകരണം പൂർത്തിയാക്കി കോവളം- കൊല്ലം സംസ്ഥാന ജലപാതയിലൂടെ ബോട്ട് ഓടിക്കാനുള്ള നീക്കമാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ നടത്തുന്നത്. അഷ്ടമുടിക്കായൽ മുതൽ ജലകേളീകേന്ദ്രം വരെയുള്ള തോട്ടിലൂടെ അടുത്തമാസം പരീക്ഷണാർത്ഥം ബോട്ട് ഓടിക്കുമെന്നാണ് അധികൃതർ പറയുന്നത്. പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിനു പിന്നിൽ മണ്ണ് നീക്കം ചെയ്യുന്ന ജോലിയാണിപ്പോൾ നടക്കുന്നത്. ഈ മാസം 17 നകം ഇവിടത്തെ മണ്ണ് പൂർണമായും നീക്കം ചെയ്യണമെന്നാണ് കരാറുകാരന് നിർദ്ദേശം നൽകിയിരിക്കുന്നത്. കല്ലുപാലം പൊളിച്ച് പുതിയപാലം പണി പുരോഗമിക്കുകയാണ്. ഇവിടെ ബോട്ട് കടന്നുപോകാനുള്ള സ്ഥലം ഒഴിച്ചിടും.

എടുത്തിട്ടും എടുത്തിട്ടും തീരാതെ മണ്ണ്.. (BOX)

കൊല്ലംതോട് നവീകരണം തുടങ്ങിയകാലം മുതൽ തകൃതിയായി നടക്കുന്ന മണലൂറ്റും മണ്ണെടുപ്പും ഇപ്പോഴും തുടരുകയാണ്. പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന് പിന്നിൽ നിന്ന് ദിവസങ്ങളായി നൂറുകണക്കിന് ലോഡ് മണ്ണാണ് കയറ്റിക്കൊണ്ടുപോകുന്നത്. ഇന്നലെയും രാവിലെ മുതൽ നൂറുകണക്കിന് ലോറികളാണ് കാത്തുകിടക്കുന്നത്. ഇനിയും ദിവസങ്ങളോളം വേണ്ടിവരും ഇവിടത്തെ മുഴുവൻ മണ്ണും നീക്കം ചെയ്യാൻ. 17 നകം ഈ ഭാഗത്തെ മണ്ണ് മുഴുവൻ നീക്കം ചെയ്യണമെന്നാണ് കരാറുകാരന് ഉൾനാടൻ ജലഗതാഗത വകുപ്പധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. തോട് നവീകരണം തുടങ്ങിയതു മുതൽ ജെ.സി.ബി ഉപയോഗിച്ചും ഡ്രഡ്ജർ ഉപയോഗിച്ചും ആഴത്തിൽ നിന്ന് മണ്ണെടുത്തിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് മണലൂറ്റിയപ്പോൾ തോടിന്റെ ഇരുകരകളിലും ഉള്ള വീടുകൾക്ക് വിള്ളൽ വീളുകയും കര ഇടിഞ്ഞു താഴുകയും ചെയ്തിരുന്നു. പരാതി വ്യാപകമായതോടെ ഡ്രഡ്ജിംഗ് നിറുത്തി. ഇപ്പോൾ ജെ.സി.ബി ഉപയോഗിച്ചുള്ള മണ്ണ് വാരൽ മാത്രമാണ് നടക്കുന്നത്. കൊല്ലം തോട് വികസനത്തിന്റെ പേരിൽ ഇതുവരെ കൊണ്ടുപോയ മണലിന് കോടികൾ വിലവരും. ഇപ്പോൾ നിർമ്മിതി കേന്ദ്രത്തിന് സമീപത്തു നിന്നെടുക്കുന്ന ഓരോ ലോഡ് മണ്ണിനും 3500 മുതൽ 4000 രൂപ വരെയാണ് വില.