പിഞ്ചു കുഞ്ഞുങ്ങളെ അമ്പതടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കിട്ടാൽ എങ്ങനെയിരിക്കും. ആലോചിക്കാൻ പോലുമാവില്ല അത്. എന്നാൽ, മഹാരാഷ്ട്രയിലെ സോലാപൂർ ഗ്രാമത്തിൽ ഇത്തരത്തിലൊരു ആചാരമുണ്ട്. ഇവിടത്തെ മുസ്തി ഗ്രാമത്തിലെ ബാബാ ഷെയ്ഖ് ഉമർ സാഹിബ് ദർഗയിലാണ് ഈ ആചാരം നടക്കുന്നത്. അഞ്ഞൂറു വർഷമായി നടന്നു വരുന്നതാണത്രേ ഈ ആചാരം. ദർഗയിൽ പോയി പ്രാർത്ഥിച്ച് സന്താന സൗഭാഗ്യം ലഭിക്കുന്ന ദമ്പതികളൊക്കെ ദൈവത്തിനോടുള്ള നന്ദിസൂചകമായി തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് അമ്പതടി ഉയരമുള്ള ദർഗയുടെ മുകളിൽ നിന്നും താഴേക്കിടണം.
ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഭക്തരുടെ വിശ്വാസം. താഴെ ആളുകൾ നിവർത്തിപ്പിടിച്ചിരിക്കുന്ന ഷീറ്റിലേക്കാണ് മുകളിൽ നിന്നും ഇടുന്ന കുഞ്ഞുങ്ങൾ വന്നുവീഴുന്നത്. കുട്ടികൾക്ക് ഒരാപത്തും വരില്ലെന്നാണ് ഭക്തർ പറയുന്നത്. ഇതേവരെ ആചാരത്തിനിടയിൽ കുട്ടികൾക്ക് പരുക്കേറ്റ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവർ പറയുന്നു. ജാതി, മത ഭേദമില്ലാതെ ജനങ്ങൾ ഈ ആചാരം നടത്താൻ വേണ്ടി ഇവിടെയെത്തുന്നുണ്ട്.